ഈഫല്‍ ടവറിനെക്കാള്‍ പൊക്കം’; ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ഇനി ഇന്ത്യയില്‍

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രം സൃഷ്ടിക്കപ്പെടുന്ന നിമിഷങ്ങളാണിത്. ജൂണ്‍ 6 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെനാബ് പാലം ഉത്ഘാടനം ചെയ്യുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കും. ഈഫല്‍ ടവറിനേക്കാള്‍ ഉയരമുളള ചനാബ് റെയില്‍ പാളം, ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ ചനാബ് നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരെയാണ് സ്ഥിതിചെയ്യുന്നത്. 1,315 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. കഠിനമായ ഹിമാലയന്‍ കാലാവസ്ഥയേയും ഭൂകമ്പ പ്രവര്‍ത്തനങ്ങളേയും നേരിടാന്‍ വേണ്ടി പണികഴിപ്പിച്ച ഈ പാലത്തിന്റെ നിര്‍മ്മാണം മനുഷ്യന്റെ സ്ഥിരോത്സാഹത്തിന്റെ ശ്രദ്ധേയമായ തെളിവാണ്.
ഉധംപൂര്‍- ശ്രീനഗര്‍ -ബാരാമുളള റെയില്‍ ലൈന്‍ (USBRL) പദ്ധതിയുടെ ഭാഗമായി 2002 ല്‍ ആരംഭിച്ച ചെനാബ് പാലത്തിന്റെ നിര്‍മ്മാണം 2022 ഓഗസ്റ്റിലാണ് പൂര്‍ത്തിയായത്. ഉദംപൂര്‍ -ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതി പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞാല്‍ ജമ്മുവിനും ശ്രീനഗറിനും ഇടയില്‍ വന്ദേഭാരത് മെട്രോ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കും.
പാലത്തിലൂടെയുള്ള ട്രെയിന്‍ യാത്രകള്‍ ചെനാബ് നദീതടത്തിന്റെയും ചുറ്റുമുള്ള ഹിമാലയന്‍ കൊടുമുടികളുടെയും സമൃദ്ധമായ പ്രകൃതി ദൃശ്യങ്ങളുടെയും അതിശയകരമായ കാഴ്ചകള്‍ നല്‍കുന്നവയാണ്.
മണിക്കൂറില്‍ 266 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനെ ചെറുക്കാനും ഏറ്റവും ഉയര്‍ന്ന തീവ്രതയുളള സോണ്‍-V യിലെ ഭൂകമ്പ ശക്തികളെ താങ്ങാനുമാണ് ചെനാബ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 120 വര്‍ഷത്തെ ആയുസാണ് പാലത്തിന് കണക്കാക്കപ്പെടുന്നത്. ചെനാബിന്റെ രണ്ട് കരകളിലും ഉള്ള രണ്ട് ഭീമന്‍ ക്രെയിനുകള്‍ കൊണ്ടാണ് പാലത്തിന് അതിന്റെ സിഗ്നേച്ചര്‍ ലുക്ക് നല്‍കുന്ന മനോഹരമായ കമാനം സ്ഥാപിച്ചത്.
WSP ആണ് ഈ റെയില്‍വേ പാലം രൂപകല്‍പ്പന ചെയ്തത്. ലോകത്തിലെ ഏറ്റവും ഉയരമേറിയതും നീളമുള്ളതുമായ സ്റ്റീല്‍ ആര്‍ച്ച് പാലമാണ് ചെനാബ് റെയില്‍വേ പാലം. wsp യുടെ ലോകോത്തര സ്റ്റീല്‍ ഡിസൈന്‍ വൈദഗ്ധ്യം വിളിച്ചോതുന്നതാണ് . എഞ്ചിനിയറിംഗ് സ്ഥാപനത്തിന്റെ കണക്കനുസരിച്ച് 27,000 ടണ്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിച്ചത്. ഇന്ത്യന്‍ കമ്പനികളായ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, വിഎസ്എല്‍ ഇന്ത്യ, ദക്ഷിണ കൊറിയന്‍ കമ്പനിയായ അള്‍ട്രാ കണ്‍സ്ട്രക്ഷന്‍ എന്നിവയുടെ സംയുക്ത സംരംഭത്തിലൂടെയാണ് പാലം നിര്‍മ്മിച്ചത്.