ഈ ഉത്തരം ഉൾക്കൊള്ളുന്ന സന്ദേശം വളരെ വലുത്’; അഹാനെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും

തിരുവനന്തപുരം: ഒരു ഉത്തരക്കടലാസ് കഴിഞ്ഞ് കുറച്ചധികം ദിവസങ്ങളായി മലയാളികൾ സോഷ്യൽ മീഡിയയിൽ ഒരുപാട് ഷെയർ ചെയ്തിരുന്നു. വാട്‌സ്ആപ്പിൽ സ്റ്റാറ്റസായും ഇൻസ്റ്റ സ്റ്റോറിയായും റീലായും ഫെയ്സ്ബുക്കിൽ നീണ്ട കുറിപ്പുകളായും അത് പറന്നു. തലശേരിക്കാരൻ അഹാൻ തന്‍റെ മൂന്നാം ക്ലാസ് പരീക്ഷയ്ക്ക് എഴുതിയ ഉത്തരം ലോകത്തിനാകെയുള്ള സന്ദേശമാണ് പകർന്നത്, ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്നായിരുന്നു അത്. ഇപ്പോൾ എല്ലാവരെയും ചേര്‍ത്ത് പിടിക്കണമെന്ന സന്ദേശം പകര്‍ന്ന അഹാൻ മുഖ്യമന്ത്രിയെ കാണാൻ എത്തിയിരിക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ അഹാനെ കണ്ടതിന്‍റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെയും അഹാൻ കണ്ടു.മുഖ്യമന്ത്രിയുടെ വാക്കുകൾ”ജയിച്ചവർ തോറ്റവരെ കളിയാക്കരുത്” – ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി ഇങ്ങനെ സ്വന്തം വാക്കുകളിൽ എഴുതിയാണ് അഹാൻ അനൂപ് സമൂഹത്തിന്‍റെ ശ്രദ്ധ ആകർഷിച്ചത്. തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യുപി സ്കൂളിലെ വിദ്യാർത്ഥിയായ അഹാന്‍റെ ഈ ഉത്തരം ഉൾക്കൊള്ളുന്ന സന്ദേശം വളരെ വലുതാണ്.കൊച്ചുമിടുക്കൻ അഹാൻ മാതാപിതാക്കളോടൊപ്പം ഇന്ന് നിയമസഭാ മന്ദിരത്തിൽ വന്ന് കണ്ടിരുന്നു. പരസ്പര സ്നേഹത്തിന്‍റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരുപാട് ഉയരങ്ങളിലെത്താൻ അഹാന് സാധിക്കട്ടെ എന്നാശംസിക്കുന്നു.



