എല്ലാ ക്രെഡിറ്റും ഉമ്മൻചാണ്ടിക്ക്, ചരിത്രം പരിശോധിച്ചാൽ കെ കരുണാകരൻ്റെയും ഉമ്മൻ ചാണ്ടിയുടെ പങ്ക് മനസ്സിലാകും’

കോഴിക്കോട്: വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിതല. പദ്ധതിയുടെ എല്ലാ ക്രെഡിറ്റും ഉമ്മൻ ചാണ്ടിക്കാണ് നൽകേണ്ടതെന്ന് രമേശ് ചെന്നിതല പറഞ്ഞു. വിഴിഞ്ഞം പദ്ധതിയെ പറ്റി ആദ്യം ചർച്ച ചെയ്തതും ചിന്തിച്ചതും കെ കരുണാകരനാണ്. പിന്നീട് പദ്ധതി യാഥാർത്ഥ്യമായതിന് ഉത്തരവാദിയായത് ഉമ്മൻ ചാണ്ടിയും. എന്നാൽ ഇപ്പോൾ വിഴിഞ്ഞത്തെ എൽഡിഎഫിന്റെ കുഞ്ഞാക്കാൻ ശ്രമിക്കുകയാണ്. ഇത് ശരിയല്ല.ഈ പദ്ധതിയുടെ എല്ലാ ക്രെഡിറ്റും ഉമ്മൻചാണ്ടിക്കാണ്. ചരിത്രം പരിശോധിക്കുന്നവർക്ക് കെ കരുണാകരൻ്റെയും ഉമ്മൻ ചാണ്ടിയുടെ പങ്ക് മനസ്സിലാവും. പദ്ധതി യാഥാർത്ഥ്യമാക്കാൻ ഉമ്മൻചാണ്ടി ശ്രമിച്ചപ്പോൾ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ചാണ് അത് തരണം ചെയ്തത്. ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമാണ് പദ്ധതിയെന്നും രമേശ് ചെന്നിതല പറഞ്ഞു.,പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചടങ്ങിന് വിളിക്കേണ്ടതും സംസാരിക്കാന്‍ അനുവദിക്കുകയും ചെയ്യണമായിരുന്നുവെന്നും മെട്രോ റെയിൽ പദ്ധതിയുടെ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവായ തന്നെ പങ്കെടുപ്പിക്കുകയും പ്രസംഗിപ്പിക്കുകയും ചെയ്തിരുന്നുവെന്നും രമേശ് ചെന്നിതല പറഞ്ഞു.അതേസമയം, വിഴിഞ്ഞം പദ്ധതിക്ക് ആശംസയറിയിച്ച് വി ഡി സതീശൻ രംഗത്തെത്തി. ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണെന്ന് അദ്ദേഹം കുറിച്ചു. വിഴിഞ്ഞം തുറമുഖത്തിന് ആശംസകൾ നേരുന്നതായും വി ഡി സതീശൻ കൂട്ടിച്ചേർത്തു. 2015 ജൂൺ എട്ടിന് മുഖ്യമന്ത്രിയായിരിക്കെ വിഴിഞ്ഞം തുറമുഖത്തെപ്പെറ്റിയുള്ള നിയമസഭയിലെ ഉമ്മൻ ചാണ്ടിയുടെ പ്രസംഗം പങ്കുവെച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. സംസ്ഥാന താൽപര്യം സംരക്ഷിച്ചുകൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കുമെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിഴിഞ്ഞം തുറമുഖം ഇന്ന് യാഥാർത്ഥ്യമാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തുറമുഖം രാജ്യത്തിന് സമർപ്പിക്കും. രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവർണർ രാജേന്ദ്ര അർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും ചടങ്ങിൽ പങ്കെടുക്കും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം. വിഴിഞ്ഞം തുറമുഖത്തൊരുക്കിയ പ്രത്യേക വേദിയിലാണ് പരിപാടി നടക്കുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെ 17 പേരാണ് വേദിയിലുണ്ടാവുക. വി ഡി സതീശനും വേദിയില്‍ ഇരിപ്പിടമൊരുക്കിയിട്ടുണ്ട്.വേദിയിൽ ഇരിപ്പിടമുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കുന്നില്ല എന്നാണ് വിവരം. ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രി വി എൻ വാസവൻ, ഗൗതം അദാനി, കരൺ അദാനി, മേയർ, ശശി തരൂർ, എം വിൻസെൻ്റ് തുടങ്ങിയവർ വേദിയിലുണ്ടാകും. മൂന്നു പേർ മാത്രമായിരിക്കും ചടങ്ങിൽ സംസാരിക്കുന്നത്. പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രി വി എൻ വാസവൻ എന്നിവർ സംസാരിക്കും.