ഇടുക്കി
ഇടുക്കി തൊടുപുഴയിൽ വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെ ധർണ, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം കുഴഞ്ഞുവീണ് മരിച്ചു

ഇടുക്കി: കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ഒളമറ്റം മലേപ്പറമ്പിൽ എം കെ ചന്ദ്രൻ (58) കുഴഞ്ഞുവീണു മരിച്ചു. വൈദ്യുതി നിരക്ക് വർധനയ്ക്കെതിരെ തൊടുപുഴ വൈദ്യുതി ഭവനു മുന്നിൽ നടത്തിയ ധർണയിൽ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
ഇന്നലെ പതിനൊന്നരയോടെയാണ് സംഭവം.കേരള കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കുന്നതിനിടെ ചന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. പാർട്ടിയുടെയും മുന്നണിയുടെയും സമരമുഖങ്ങളിൽ നിറസാന്നിധ്യമായിരുന്നു എം കെ ചന്ദ്രൻ.
കേരള കോൺഗ്രസ് ഒന്നായിരുന്ന സമയത്ത് 2019ൽ പാർട്ടി ചെയർമാനായി ജോസ് കെ മാണിയെ തെരഞ്ഞെടുത്തതിനെതിരെ മറ്റൊരു സംസ്ഥാന കമ്മിറ്റി അംഗം ഫിലിപ് ചേരിയിലും എം.കെ ചന്ദ്രനും ചേർന്നാണ് തൊടുപുഴ മുൻസിഫ് കോടതിയിൽ ഹർജി നൽകിയത്.