ഏലപ്പാറ ഹൈസ്‌കൂളിന് സമീപം മാലിന്യം കുന്നു കൂടുന്നു

പീരുമേട്: ഏലപ്പാറ സർക്കാർ ഹൈസ്‌കൂളിന് സമീപംമാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്നു.സ്‌കൂളിന് സമീപത്തായി ശൂന്യമായി കിടക്കുന്ന സ്ഥലത്താണ് വ്യാപകമായി മാലിന്യ നിക്ഷേപം നടക്കുന്നത്.ജൈവ മാലിന്യങ്ങളും, അജൈവ മാലിന്യങ്ങളും രാത്രികാലങ്ങളിലാണ് അധികമായി നിക്ഷേപിക്കുന്നത്.ഈ മാലിന്യങ്ങള്‍ ഇവിടെ കിടന്ന് മഴ വെള്ളം വീണു മറ്റും അഴുകി ദുർഗന്ധം വമിക്കുകയാണുണ്ടാകുന്നത്. ഇത് സ്‌കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങളെ പ്രതിസന്ധി സൃഷ്ടിക്കുന്നു. മാലിന്യം ക്രമാതീതമായി കുമിഞ്ഞുകൂടുന്നത് സാംക്രമിക രോഗങ്ങള്‍ പടരുന്നതിന് ഇടയാകും എന്ന ആശങ്കയും ഉയരുന്നുണ്ട് . കൂടാതെ ഈ മാലിന്യങ്ങള്‍ തെരുവ് നായ്ക്കള്‍ വലിച്ചിഴച്ച് സ്‌കൂള്‍ പരിസരത്ത് കൊണ്ടുവന്നിടുന്നതും സ്ഥിരമാണ്. ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തില്‍ മാലിന്യ നിക്ഷേപം നടത്തുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.