കണക്കു നല്‍കിയില്ലെങ്കില്‍ ഉത്തരവിടും: പാലിയേക്കര ടോള്‍ കമ്ബനിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; രണ്ടുവട്ടം കേസ് പരിഗണിച്ചിട്ടും ലാഭം വ്യക്തമാക്കിയില്ല; ഇതുവരെ പിരിച്ചത് 1521 കോടി

ടോള്‍ പിരിവുമായി ബന്ധപ്പെട്ട കണക്കു നല്‍കാത്ത പാലിയേക്കര ടോള്‍ കമ്ബനിക്കെതിരേ കര്‍ശന താക്കീതുമായി ഹൈക്കോടതി.
ടോള്‍ പിരിവുമായി ബന്ധപ്പെട്ടു രണ്ടു തവണ കേസ് വാദത്തിനു വന്നിട്ടും രേഖകള്‍ ഹാജരാക്കാതിരുന്നതോടെയാണ് ഏഴിനു മുമ്ബ് സമര്‍പ്പിക്കണമെന്നു നിര്‍ദേശിച്ചത്. രേഖകള്‍ നല്‍കിയില്ലെങ്കില്‍ കേസില്‍ ഉത്തരവു പറയുമെന്നും വ്യക്തമാക്കി.ടോള്‍ പിരിക്കാനുള്ള കാലാവധി 2026ല്‍നിന്ന് 2028ലേക്കു നീട്ടി നല്‍കിയതും ന്യായമായ ലാഭമുണ്ടാക്കിയിട്ടും പിരിവു തുടരുന്നതും ചൂണ്ടിക്കാട്ടി കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് അഡ്വ. ഗംഗേഷ് മുഖാന്തിരമാണു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണു വാദത്തിന് എടുത്തത്. ഹര്‍ജിക്കാരുടെ വാദം കേട്ട കോടതി ഫെബ്രുവരി 22ന് കരാര്‍ കമ്ബനിയോടു റോഡു നിര്‍മാണത്തിനു ചെലവായ തുക, ന്യായമായി ഉദ്ദേശിക്കുന്ന ലാഭസംഖ്യ എന്നിവ വ്യക്തമാക്കി കണക്കുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ഇടക്കാല ഉത്തരവിട്ടു. ഇതിനുശേഷം രണ്ടുവട്ടം കേസ് പരിഗണിച്ചിട്ടും രേഖകള്‍ ഹാജരാക്കാതെ വന്നതോടെയാണു കോടതി രൂക്ഷമായ പരാമര്‍ശം നടത്തിയത്.13 വര്‍ഷത്തിനിടെ ടോള്‍ കമ്ബനി 1521 കോടി പിരിച്ചെന്നാണു കണക്കുകള്‍. സുരക്ഷാ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്ന 11 ബ്ലാക്ക് സ്‌പോട്ടുകളില്‍ അഞ്ചിടത്തു മാത്രമാണു പരിഹാര നടപടികള്‍ ചെയ്തതെന്ന വിവരാവകാശ രേഖകളും പുറത്തുവന്നിരുന്നു. 30 തീവ്ര അപകട സാധ്യതയുള്ള കവലകളിലും അപകടസാധ്യതയുള്ള 20 കവലകളിലും ഇതാണു സ്ഥിതി. പ്രതിദിനം ശരാശരി 42,000 വാഹനങ്ങളാണു കടന്നുപോകുന്നെന്നും 52 ലക്ഷം രൂപ പിരിക്കുന്നെന്നും കണക്കുകള്‍ പുറത്തുവന്നിരുന്നു.