നെഹ്റുവിന്റെ പാരമ്പര്യത്തെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം; ചരിത്രം തിരുത്തി എഴുതാൻ ശ്രമം’; സോണിയ ഗാന്ധി

നെഹ്റുവിന്റെ പാരമ്പര്യത്തെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. സ്വാതന്ത്ര്യ സമരത്തിനും രാഷ്ട്ര നിർമ്മാണത്തിനും നെഹ്റു നൽകിയ സംഭാവനകളെ അപകീർത്തിപ്പെടുത്തുന്നു. നെഹ്റുവിനെതിരായ നീക്കത്തിന് പിന്നിൽ ഗാന്ധി വധത്തെ മഹത്വവൽക്കരിച്ചവരാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യ സ്ഥാപിതമായ സാമൂഹിക രാഷ്ട്രീയ അടിത്തറകളെ തകർക്കാനുള്ള ശ്രമം. ചരിത്രം തിരുത്തി എഴുതാനുള്ള ശ്രമത്തിലാണ് അവർ എന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി.“ഇതിന്റെ ഏക ലക്ഷ്യം അദ്ദേഹത്തെ ഒരു വ്യക്തിത്വമെന്ന നിലയിൽ താഴ്ത്തുക മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ സാർവത്രികമായി അംഗീകരിക്കപ്പെട്ട പങ്കിനെയും ചരിത്രം മാറ്റിയെഴുതാനുള്ള ക്രൂരവും സ്വാർത്ഥപരവുമായ ശ്രമത്തിലൂടെ അദ്ദേഹത്തിന്റെ ബഹുമുഖ പൈതൃകത്തെ തകർക്കുക കൂടിയാണ്,” സോണിയ പറഞ്ഞു. ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സോണിയ വ്യക്തമാക്കി.ജവഹർ ഭവനിൽ ഇന്നലെ നടന്ന നെഹ്‌റു സെന്റർ ഇന്ത്യ ഉദ്ഘാടനം ചടങ്ങിലായിരുന്നു സോണിയയുടെ വിമർശനം. നെഹ്‌റുവിനെ അപകീർത്തിപ്പെടുത്താനും താഴ്ത്തിക്കെട്ടാനുമുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് സോണിയ ഗാന്ധി പറഞ്ഞു. “ജവഹർലാൽ നെഹ്‌റുവിനെ അപകീർത്തിപ്പെടുത്തുക എന്നതാണ് ഇന്നത്തെ ഭരണ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം എന്നതിൽ യാതൊരു സംശയവുമില്ല. അവരുടെ ലക്ഷ്യം അദ്ദേഹത്തെ ഇല്ലാതാക്കുക മാത്രമല്ല; നമ്മുടെ രാഷ്ട്രം സ്ഥാപിക്കപ്പെടുകയും കെട്ടിപ്പടുക്കുകയും ചെയ്ത സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അടിത്തറകളെ നശിപ്പിക്കുക എന്നതാണ്,” സോണിയ ഗാന്ധി പറഞ്ഞു.മുൻ പ്രധാനമന്ത്രിയോട് സോണിയ ഗാന്ധിക്ക് അത്രയും ബഹുമാനമുണ്ടായിരുന്നെങ്കിൽ ഗാന്ധി എന്നിതിന് പകരം നെഹ്‌റു എന്ന കുടുംബപ്പേര് ചേർക്കാമായിരുന്നുവെന്ന് ബിജെപി തിരിച്ചടിച്ചു. “നെഹ്‌റുവിനോട് വലിയ ബഹുമാനമുണ്ടായിരുന്നെങ്കിൽ, കുടുംബ പേരായി നെഹ്‌റുവിന്റെ പേര് ചേർക്കുമായിരുന്നു. നെഹ്‌റുവിന്റെ സംഭാവനകളെ കുറച്ചുകാണിച്ചവരാണ് അവർ” ബിജെപി വക്താവ് ടോം വടക്കൻ പറഞ്ഞു.



