കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം; ചിന്ത ജെറോം

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിനിടെ കരിങ്ങാലി വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. ചിന്ത ജെറോം. കരിങ്ങാലി വെള്ളക്കുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണമെന്ന് ചിന്ത ഫേസ്ബുക്കില്‍ കുറിച്ചു.ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങള്‍ പകര്‍ത്തിയാണ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന കുപ്പിയില്‍ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയില്‍ വിതരണം ചെയ്തതെന്നും ചിന്ത പറയുന്നു. ഇതിന്റെ ചിത്രങ്ങള്‍ ബിയര്‍ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ ‘നന്നാക്കികള്‍’ പ്രചരിപ്പിക്കുന്നത്. സത്യാനന്തര രാഷ്ട്രീയത്തില്‍ എങ്ങനെയാണ് അസത്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സാക്ഷ്യമാണ് നിലവിലെ ബിയര്‍ കുപ്പി പരിഹാസമെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.