കലുങ്ക് സംവാദം പരാജയമെന്ന് ബിജെപിക്കുള്ളില്‍ വിമർശനം; ‘എസ് ജി കോഫി ടൈംസ്’ പൊടിത്തട്ടിയെടുക്കാൻ സുരേഷ് ഗോപി

തൃശൂര്‍ പുതൂര്‍ക്കരയിലും തുടര്‍ന്ന് അയ്യന്തോളിലും ആദ്യപരിപാടികള്‍ സംഘടിപ്പിക്കുംതൃശ്ശൂര്‍: പഴയ സംവാദ പരിപാടി ‘പൊടിത്തട്ടിയെടുക്കാന്‍’ കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘എസ് ജി കോഫി ടൈംസ്’ എന്ന പേരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ നടത്തിയിരുന്ന പരിപാടി വീണ്ടും സംഘടിപ്പിക്കാനാണ് തീരുമാനം. കലുങ്ക് സംവാദത്തിലെ വിവാദങ്ങള്‍ തിരിച്ചടിയായെന്ന ബിജെപിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ പ്ലാന്‍ ഓഫ് ആക്ഷന്‍. തൃശൂര്‍ പുതൂര്‍ക്കരയിലും തുടര്‍ന്ന് അയ്യന്തോളിലും ആദ്യപരിപാടികള്‍ സംഘടിപ്പിക്കും തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ജനസമ്പര്‍ക്ക പരിപാടിയെന്ന നിലയ്ക്കാണ് ‘എസ് ജി കോഫി ടൈംസ്’ പദ്ധതിയിരിട്ടിരിക്കുന്നത്. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയുവാനും അവയ്ക്കുള്ള പരിഹാരം കണ്ടെത്തുകയുമാണ് ലക്ഷ്യം.സുരേഷ് ഗോപിയുടെ കലുങ്ക് സംവാദങ്ങൾ തുടര്‍ച്ചയായി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒടുവില്‍ കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തില്‍ കലുങ്ക് സംവാദത്തില്‍ അപേക്ഷ നല്‍കാനെത്തിയ ആളെ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചുമാറ്റുകയുണ്ടായി. കാറിന് പിന്നാലെ ഓടി അപേക്ഷ നല്‍കാന്‍ ശ്രമിച്ച കല്ലാടംപൊയ്ക സ്വദേശി ഷാജിയെയാണ് ബിജെപി പ്രവര്‍ത്തകര്‍ പിടിച്ച് മാറ്റിയത്.തൃശ്ശൂരിലും സമാനസംഭവമുണ്ടായിരുന്നു. വയോധികന്റെ പരാതി സുരേഷ് ഗോപി സ്വീകരിക്കാതിരിക്കുകയും അതൊന്നും എംപിയുടെ ജോലിയല്ല പോയി പഞ്ചായത്തില്‍ പറയൂ എന്ന് മറുപടി നല്‍കിയതും മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതിന് ഇടയാക്കി. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരിച്ചെടുക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി എത്തിയ വയോധികയോട് മുഖ്യമന്ത്രിയെ സമീപിക്കൂവെന്ന് മറുപടി നല്‍കിയതും ജനങ്ങളെ പ്രജകളെന്ന് വിളിച്ചതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു വരന്തരപ്പിള്ളിയില്‍ സുരേഷ് ഗോപിയുടെ കലുങ്ക് പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെ സജീവ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. സുരേഷ് ഗോപിയുടെ പെരുമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു ഇവര്‍ പാര്‍ട്ടി വിട്ടത്.



