കാട്ടുപന്നിയെ കൊല്ലാൻ തദ്ദേശ അധ്യക്ഷര്‍ക്കു നല്‍കിയ അധികാരം പിൻവലിച്ചേക്കും

കാട്ടുപന്നിശല്യം രൂക്ഷമായ മേഖലകളില്‍ അവയെ കൊല്ലാൻ ഉത്തരവിടാൻ തദ്ദേശ സ്ഥാപന അധ്യക്ഷർക്കു നല്‍കിയിരുന്ന ഓണററി വൈല്‍ഡ് ലൈഫ് വാർഡൻ അധികാരം റദ്ദാക്കാൻ വനംവകുപ്പ്.
രണ്ടുവർഷം മുന്പാണ് തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് ഇത്തരമൊരു അധികാരം നല്‍കി ഉത്തരവിറങ്ങിയത്. ശല്യക്കാരായ കാട്ടുപന്നികളെ കൃഷിയിടത്തില്‍ വെടിവയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നതുവരെ കാത്തിരിക്കാതെ ലൈസൻസുള്ളവർക്ക് അനുമതി നല്‍കാൻ തദ്ദേശ സ്ഥാപന അധ്യക്ഷർക്ക് അധികാരം നല്‍കിക്കൊണ്ടാണ് ഉത്തരവിറങ്ങിയത്.എന്നാല്‍ ഈ അധികാരം ദുരുപയോഗം ചെയ്യുന്ന തരത്തില്‍ ചില ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാർ ആഹ്വാനം നല്‍കിയെന്നാണ് ഇപ്പോള്‍ വനംവകുപ്പിന്‍റെ കണ്ടെത്തല്‍.ഏറ്റവുമൊടുവില്‍ കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി നടത്തിയ ആഹ്വാനമാണ് വനംവകുപ്പിനെ ചൊടിപ്പിച്ചത്. നേരത്തേ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും സമാന ആഹ്വാനം നടത്തിയിരുന്നു.ഉപദ്രവകാരികളായ കാട്ടുപന്നികളെ അംഗീകൃത തോക്ക് ലൈസൻസുള്ളയാള്‍ക്ക് വെടിവച്ചു കൊല്ലാൻ അനുമതി നല്‍കാനാണ് തദ്ദേശ അധ്യക്ഷർക്ക് ഓണററി വൈല്‍ഡ് ലൈഫ് വാർഡൻ അധികാരം നല്‍കിയതെന്നും എന്നാല്‍ ഇത് ദുരുപയോഗപ്പെടുത്തുന്നുവെന്നുമാണ് വനം ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ കത്തില്‍ പറയുന്നത്.അതിനാല്‍ അധികാരം റദ്ദാക്കാനാണ് ശിപാർശ. പന്നികളെ മാത്രം വെടിവയ്ക്കാനുള്ള അനുമതി നല്‍കാനാണ് തദ്ദേശ അധ്യക്ഷർക്ക് ഓണററി വൈല്‍ഡ് ലൈഫ് വാർഡൻ അധികാരം നല്‍കിയതെങ്കിലും ഇതുപയോഗിച്ച് അക്രമകാരികളെന്ന പേരില്‍ മറ്റു വന്യമൃഗങ്ങളെ കൊല്ലാനും കാട്ടുപന്നികളെ തോക്കുപയോഗിച്ചല്ലാതെ കൊല്ലാനും നീക്കം നടക്കുന്നുവെന്നാണ് വനംവകുപ്പിന്‍റെ റിപ്പോർട്ട്