കാർത്തിക പ്രദീപിന്റെ ജോലി തട്ടിപ്പ്; തലസ്ഥാനത്ത് നിന്ന് മാത്രം തട്ടിയത് 65 ലക്ഷം രൂപ!

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ടേക്ക് ഓഫ് എന്ന സ്ഥാപനത്തിന്റെ ഉടമ കാർത്തിക പ്രദീപ് തലസ്ഥാനത്തുനിന്ന് മാത്രം തട്ടിയത് 65 ലക്ഷം രൂപ. തിരുവനന്തപുരത്ത് മാത്രം 53 പേരാണ് തട്ടിപ്പിനിരയായത്.യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്താണ് കാർത്തിക പണം തട്ടിയത്. വിസയ്ക്ക് വേണ്ടി ചെറിയ തുക മാത്രമാണ് ഈടാക്കിയിരുന്നത് എന്നതിനാൽ വിശ്വസിച്ച് പണം നൽകിയവർ നിരവധിയായിരുന്നു. എന്നാൽ അഭിമുഖത്തിന് തീയതി ലഭിക്കാതെയായതോടെയും ആളുകൾക്ക് സംശയം തോന്നിയതോടെയും പരാതികൾ ലഭിച്ചുതുടങ്ങുകയായിരുന്നു.ജോലി ലഭിച്ചില്ലെങ്കിൽ 90 ദിവസത്തിനകം പണം തിരിച്ചുനൽകാമെന്നും കാർത്തിക കരാറിൽ പറഞ്ഞിരുന്നു. അഷിന എന്ന യുവതിയുമായാണ് ഇത്തരത്തിൽ കാർത്തിക കരാറിൽ ഏർപ്പെട്ടത്. എന്നാൽ അഭിമുഖത്തിന് തീയതി ലഭിക്കാതായതോടെയും, വിസ ലഭിക്കാതായതോടെയും അഷിന കാർത്തികയെ ബന്ധപ്പെട്ടപ്പോൾ പണം തരാൻ സാധിക്കില്ലെന്ന പ്രതികരണമാണ് ലഭിച്ചത്. പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ കോടതി വഴി പണം വാങ്ങാനാണ് കാർത്തിക ആവശ്യപ്പെട്ടത്.കഴിഞ്ഞ ദിവസം കാർത്തിക പ്രദീപിന്റെ നിർണായക ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. കാർത്തിക രണ്ടാഴ്ച മുൻപ് പരാതിക്കാരന് അയച്ച സന്ദേശമാണ് പുറത്ത് വന്നത്. പറ്റിച്ചു ജീവിക്കുന്നത് തന്റെ മിടുക്കെന്നാണ് കാർത്തിക പ്രദീപ് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.എനിക്ക് പറ്റിച്ചു ജീവിക്കാനേ അറിയുകയുള്ളൂ. അത് എന്റെ മിടുക്കാണ്. പറ്റിക്കാനായി നിങ്ങൾ നിന്ന് തരുന്നത് എന്തിനെന്നും കാർത്തിക ചോദിക്കുന്നു. തട്ടിപ്പ് ചോദ്യം ചെയ്ത പരാതിക്കാരനോടാണ് കാർത്തികയുടെ മറുപടി. എറണാകുളം സെൻട്രൽ പോലീസ് രണ്ട് ദിവസം മുൻപാണ് കാർത്തികയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്.