സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും മധുരയില്‍. വി അബ്ദുറഹ്മാൻ ഒഴികെ എല്ലാ മന്ത്രിമാരും പ്രതിനിധികളായതിനാല്‍ ഇനിയുള്ള 5 ദിവസം കേരളത്തിന്റെ ഭരണസിരാകേന്ദ്രമായി മധുര മാറും. പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും വരെ ഭരണപരമായ തീരുമാനങ്ങളും നിര്‍ദേശങ്ങളുമുണ്ടാവുക മാരിയറ്റ് ഹോട്ടലിലെ മുഖ്യമന്ത്രിയുടെ ക്യാമ്ബ് ഓഫീസില്‍ നിന്നും

സിപിഎം പാർട്ടി കോണ്‍ഗ്രസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതോടെ കേരളത്തിന്റെ ഭരണസിരാകേന്ദ്രമായി മാറി മധുര.
മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന മധുരയിലെ മാരിയറ്റ് ഹോട്ടല്‍ ഇനി വരുന്ന അഞ്ചുദിവസം മുഖ്യമന്ത്രിയുടെ ക്യാമ്ബ് ഓഫീസ് കൂടിയായി പ്രവർത്തിക്കും.സർക്കാരുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളും നടപടികളും കൈക്കൊള്ളുക ഇനി മധുരയില്‍ നിന്നാവും. മുഖ്യമന്ത്രിക്കൊപ്പം 9 മന്ത്രിമാരും പാർട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാൻ മധുരയില്‍ എത്തിയിട്ടുണ്ട്. ഇതോടെ ഏതാണ്ട് മിനി ക്യാബിനറ്റ് തന്നെ മധുരയില്‍ ഉള്ള സ്ഥിതിയാണ്.കെ എൻ ബാലഗോപാല്‍, പി രാജീവ്, വി.എൻ വാസവൻ, പി.എ.മുഹമ്മദ് റിയാസ്, സജി ചെറിയാൻ, വി ശിവൻകുട്ടി, ഒ ആർ കേളു, ആർ ബിന്ദു, എം ബി രാജേഷ്, വീണാ ജോർജ് എന്നിവരാണ് പാർട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി മധുരയില്‍ എത്തിച്ചേർന്നിരിക്കുന്നത്.സിപിഎം മന്ത്രിമാരില്‍ വി അബ്ദുറഹ്മാൻ ഒഴികെ എല്ലാവരും പാർട്ടി കോണ്‍ഗ്രസില്‍ പ്രതിനിധികളായി എത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം മാത്രമായ അബ്ദുറഹ്മാനെ പാർട്ടി കോണ്‍ഗ്രസ് പ്രതിനിധി ആക്കിയില്ല.പാർട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകുന്നേരത്തോടെയാണ് മധുരയില്‍ എത്തിയത്. ഭാര്യ കമല ചെറുമകൻ ഇഷാൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി മധുരയില്‍ എത്തിയിരിക്കുന്നത്.മകള്‍ വീണയും ഭർത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസും ഇതേ ഹോട്ടലില്‍ എത്തിയിട്ടുണ്ട്. മധുര നഗരത്തിലെ ഏറ്റവും മുന്തിയ ഹോട്ടലായ മാരിയറ്റിലാണ് മുഖ്യമന്ത്രിക്ക് സംഘാടകർ താമസം ഒരുക്കിയിരിക്കുന്നത്.തമിഴ്നാട് സർക്കാരിൻറെ അതിഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഹോട്ടലില്‍ എത്തിച്ചേർന്നപ്പോള്‍ തമിഴ്നാട് പോലീസ് ഗാർഡ് ഓഫ് ഓർഡർ നല്‍കിയാണ് സ്വീകരിച്ചത്.സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം, മധുരയിലെ സിപിഎം എംപി സൂ വെങ്കിടേശന് എന്നിവരുടെ നേതൃത്വത്തില്‍ സിപിഎം തമിഴ്നാട് ഘടകവും പിണറായി വിജയനെ സ്വീകരിച്ചു.തമിഴ്നാടിന്റെ പരമ്ബരാഗത ശൈലിയില്‍ ആരതി ഉഴിഞ്ഞ് സ്വീകരിക്കാൻ ഒരുങ്ങിയപ്പോള്‍ മുഖ്യമന്ത്രി സ്നേഹപൂർവ്വം നിരസിച്ചു. മാരിയറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രിക്ക് ഓഫീസ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.പാർട്ടി കോണ്‍ഗ്രസ് സമാപിക്കും വരെ മാരിയറ്റ് ഹോട്ടലാകും മുഖ്യമന്ത്രിയുടെ ക്യാമ്ബ് ഓഫീസ്. ഭരണപരമായ കാര്യങ്ങളുടെ സംസ്ഥാന ഭരണപരമായി ബന്ധപ്പെട്ട അടിയന്തര നിർദ്ദേശങ്ങളും തീരുമാനങ്ങളും ഇവിടം കേന്ദ്രീകരിച്ച് ആകും.മുഖ്യമന്ത്രി താമസിക്കുന്ന മാരിയറ്റ് ഹോട്ടലിന്റെ എതിർവശത്തുള്ള ഹോട്ടല്‍ തമിഴ്നാടിലാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും താമസിക്കുന്നത്.മുഖ്യമന്ത്രിയുടെ ഹോട്ടലിന്റെ വലതുവശത്തുള്ള സർക്യൂട്ട് ഹൗസിലാണ് കേരളത്തില്‍ നിന്നുള്ള ഭൂരിപക്ഷം മന്ത്രിമാരും താമസിക്കുന്നത്. അതുകൊണ്ടുതന്നെ ഭരണപരമായ കൂടിയാലോചനകള്‍ക്ക് മന്ത്രിമാർക്ക് എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയുടെ അടുത്തെത്താൻ കഴിയും.