dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൃഷി ഭൂമി നൽകിയില്ല; മധ്യപ്രദേശിൽ ബിജെപി നേതാവ് കർഷകനെ മർദിച്ച് അവശനാക്കിയ ശേഷം ഥാർ കയറ്റിയിറക്കി കൊന്നു

പിതാവിനെ ആക്രമിക്കുന്നത് തടയാന്‍ശ്രമിച്ച പെണ്‍മക്കളെ പ്രതികള്‍ ആക്രമിച്ചതായും പരാതിയുണ്ട്ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബിജെപി നേതാവ് കര്‍ഷകനെ മര്‍ദിച്ച് അവശനാക്കിയ ശേഷം വാഹനമിടിച്ച് കൊലപ്പെടുത്തി. രാം സ്വരൂപ് ധാക്കഡ് എന്ന കര്‍ഷകനാണ് കൊല്ലപ്പെട്ടത്. ഗണേശപുര ഗ്രാമത്തിലായിരുന്നു സംഭവം. ബിജെപി നേതാവ് മഹേന്ദ്ര നാഗറിനും സഹായികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പിതാവിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പെണ്‍മക്കളെ പ്രതികള്‍ ആക്രമിച്ചതായും പരാതിയുണ്ട്.

കൃഷി ഭൂമി വില്‍ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. കൃഷിയിടത്തിലേക്ക് പോവുകയായിരുന്നു കര്‍ഷകനും കുടുംബവും. തുടര്‍ന്ന് ഇയാളെ തടഞ്ഞുനിര്‍ത്തുകയും വടിയും ഇരുമ്പ് കമ്പികളുമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. പിന്നാലെ കര്‍ഷകന്റെ ദേഹത്തുകൂടെ ജീപ്പ് കയറ്റിയിറക്കുകയായിരുന്നു. ഭൂമി കൈമാറാന്‍ വിസമ്മതിച്ചതോടെയായിരുന്നു ആക്രമണമെന്ന് കര്‍ഷകന്റെ കുടുംബാംഗങ്ങള്‍ ആരോപിച്ചു.

ബിജെപി നേതാവ് പല കര്‍ഷകരില്‍ നിന്നും ഇത്തരത്തില്‍ ഭൂമി വാങ്ങാന്‍ ശ്രമിക്കുകയാണെന്നും കുടുംബം പറഞ്ഞു. അക്രമികള്‍ തന്റെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചതായി മകള്‍ പൊലീസിന് മൊഴിനല്‍കി. അമ്മയെ മര്‍ദിച്ചതായും പെണ്‍കുട്ടി ആരോപിച്ചു.

പ്രതി ഒരു മണിക്കൂറോളം ആക്രമണം തുടർന്നതായി കർഷകന്റെ സഹോദരൻ രാംകുമാർ പറഞ്ഞു. “അവർ രണ്ട് പെൺകുട്ടികളുടെയും വസ്ത്രങ്ങൾ വലിച്ചുകീറി. 20 ഓളം പേർ ആകാശത്തേക്ക് വെടിയുതിർത്തു. അതിനാൽ ഞങ്ങൾ ഭയന്നു. ഒരു മണിക്കൂറോളം അവർ ആക്രമണം തുടർന്നു. തുടർന്ന് പ്രതി സഹോദരനു മേൽ ഒരു ട്രാക്ടറും പിന്നീട് ഒരു ഥാറും ഇടിച്ചുകയറ്റി,” അദ്ദേഹം പറഞ്ഞു

പരിക്കേറ്റ കർഷകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അനുവദിച്ചില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു മണിക്കൂറോളം കഴിഞ്ഞാണ് പ്രതികൾ പോയത്. ഒടുവിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചു.

പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം അടക്കമുള്ള മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കായുള്ള അന്വേഷണത്തിലാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button