കേരളം വീണ്ടും നിപ ആശങ്കയില്‍; രോഗലക്ഷണങ്ങളോടെ ഒരാള്‍ ആശുപത്രിയില്‍

സംസ്ഥാനത്ത് വീണ്ടും നിപ വൈറസെന്ന് സംശയം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ 41കാരിയെ രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പ്രത്യേക നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്കായി മെഡിക്കൽ കോളജ് നിപ ലാബിലേക്ക് അയച്ചിട്ടുണ്ട്..ഇന്ന് ഉച്ചയോടെ പരിശോധനാഫലം പുറത്തുവരും. പിന്നാലെ സ്രവം പൂനെ വൈറോളജി ലാബിലേക്കും അയക്കും. അതിന് ശേഷം മാത്രമായിരിക്കും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. കഴിഞ്ഞ ഒരാഴ്‌ചക്കാലമായി യുവതി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു..മലയാളികളെ ഭീതിലാഴ്‌ത്തിയ നിപ വൈറസ് 2018 മെയിലാണ് പേരാമ്പ്രയിൽ ആദ്യമായി സ്ഥീരികരിച്ചത്. രണ്ട് മാസത്തിനുള്ളിൽ 18 പേരാണ് മരണത്തിന് കീഴടങ്ങിയത്. 2019 ജൂൺ 4ന് കൊച്ചിയിൽ 23 വയസുള്ള ഒരു വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും പിന്നീട് സുഖം പ്രാപിച്ചു. 2021 സെപ്റ്റംബർ 5ന് കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് 12 വയസുള്ള ആൺകുട്ടി നിപ ബാധിച്ച് മരിച്ചു..2023 ഓഗസ്റ്റിലും സെപ്‌തംബറിലും കുറ്റ്യാടിയിൽ രണ്ട് പേർ രോഗം ബാധിച്ച് മരിച്ചു. ആറ് പേർക്ക് രോഗബാധയേറ്റെങ്കിലും രക്ഷപ്പെട്ടു. 2024 ജൂലൈ 21ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ 14 വയസുള്ള ആൺകുട്ടി മരിച്ചതാണ് കേരളത്തിൽ അവസാനമായി റിപ്പോർട്ട് ചെയ്‌ത നിപ മരണം..