കേരളത്തിലും വോട്ടര്‍ പട്ടിക പരിഷ്കരണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കേരളത്തിലും വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. തെരഞ്ഞെടുപ്പിന് മുന്‍പ് കേരളം, തമിഴ്നാട്, അസം, ബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിക്ക് വോട്ടര്‍ പട്ടിക പരിഷ്കരണം അനിവാര്യമാണ് എന്നാണ് അശ്വനി കുമാര്‍ ഉപാധ്യായ ചൂണ്ടിക്കാട്ടുന്നത്.യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ ചേര്ക്കുന്നുളളുവെന്ന് ഉറപ്പാക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയും പരിശുദ്ധിയും സംരക്ഷിക്കാനും വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്കരണം പ്രധാനമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്കരണം ഇല്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ വോട്ടര്‍ പട്ടികയില്‍ തുടരുമെന്നും അശ്വനി കുമാര്‍ ഉപാധ്യായ ചൂണ്ടിക്കാട്ടുന്നു..



