കേരളത്തിലെ എസ്ഐആര്‍: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഡല്‍ഹി: കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തില്‍(എസ്ഐആര്‍) തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ഹര്‍ജിയിലാണ് നടപടി. ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാന്‍ വേണ്ടി സുപ്രീം കോടതി മാറ്റിവെച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരും സിപിഐ, സിപിഐഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും നല്കിയ ഹര്‍ജികളാണ് പരിഗണിച്ചത്.കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം പ്രത്യേകമായി പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്ഐആറിന് നിലവില്‍ കോടതി സ്റ്റേ നല്‍കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റില്ലെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്.എസ്ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനെ ബാധിക്കും. ഉദ്യോഗസ്ഥരെ രണ്ട് ചുമതലകള്‍ക്കുമായി നിയോഗിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണ നിര്‍വ്വഹണത്തെയും സ്തംംഭിപ്പിക്കുമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.നോട്ടീസ് നല്കാതെയുള്ള വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം നിയമ വിരുദ്ധമാണ് എന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വാദം. നിയമത്തിന്റെ പിന്‍ബലമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നു. 2002ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കുന്നത് ആധികാരികതയില്ലാത്ത നടപടിയാണ്. രേഖകള്‍ നല്കാത്തവരെ ഒഴിവാക്കാനുള്ള തീരുമാനം ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നുമാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഐഎമ്മും സുപ്രീം കോടതിയില്‍ എടുക്കുന്ന നിലപാട്.



