dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ഡല്‍ഹിയില്‍; ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ നീക്കം

കെപിസിസിയും ഡിസിസിയും പുനസംഘടിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ രണ്ടാം ദിവസം പുരോഗമിക്കുകയാണ്. കെപിസിസി, ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതില്‍ അടിയന്തരമായി തീരുമാനം കൈക്കൊളളുന്നതിനുള്ള അന്തിമ ചര്‍ച്ചയാണ് നടക്കുന്നത്. തൃശ്ശൂര്‍ ഡിസിസി ഒഴികെ എല്ലാ ഡിസിസി അധ്യക്ഷന്മാരേയും മറ്റു ഭാരവാഹികളേയും മാറ്റണമെന്ന നിര്‍ദേശം നടപ്പാക്കുന്നത് സംബന്ധിച്ചുള്ള അഭിപ്രായ വ്യത്യാസം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതോടൊപ്പം കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും തര്‍ക്കം തുടരുകയാണ്. കെപിസിസി അധ്യക്ഷനേയും വര്‍ക്കിംഗ് പ്രസിഡന്റുമാരേയും മെയ്മാസത്തില്‍ മാറ്റിനിയമിച്ചിരുന്നു. മറ്റുഭാരവാഹികളെ ഉടന്‍ തീരുമാനിക്കാനും ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നുവെങ്കിലും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം പുനസംഘടന പൂര്‍ത്തിയാക്കാനായിരുന്നു കെപിസിസി തീരുമാനം. ഇതിനിടയില്‍ കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് ശശി തരൂര്‍ എം പിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ തേടിയതായാണ് വിവരം. പുനസംഘടന പൂര്‍ത്തിയാക്കാനുള്ള പിന്തുണ തേടിയതായി കെ പി സി സി അധ്യക്ഷന്‍ വ്യക്തമാക്കി.രമേശ് ചെന്നിത്തല, വി ഡി സതീശന്‍ എന്നിവരുമായും എം കെ രാഘവന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നീ എം പിമാരുമായും കെ പി സി സി അധ്യക്ഷന്‍ ചര്‍ച്ചകള്‍ നടത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം ഡി സി സി, തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്മാരെ മാറ്റരുതെന്നാണ് ഉയര്‍ന്നിരിക്കുന്ന ആവശ്യം. കൊല്ലം ഡിസിസി അധ്യക്ഷനെ നിലനിര്‍ത്തണമെന്ന് കൊടിക്കുന്നിലും ആവശ്യമുന്നയിച്ചിട്ടുണ്ട്. പിസിസിയില്‍ പുനസംഘടയല്ല കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇതുസംബന്ധിച്ച് നേതാക്കള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കയാണ്.എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചയാളാണെന്നും സിപിഐഎം അടക്കം വിവിധ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് നിരവധിപേരെ എത്തിക്കാന്‍ ഷിയാസിന്റെ പ്രവര്‍ത്തനങ്ങള്‍മൂലം കഴിഞ്ഞിട്ടുണ്ടെന്നുമാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വാദം. മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ ഉണ്ടാവാതെ എല്ലാ വിഭാഗം പ്രവര്‍ത്തകരേയും ഒരുമിപ്പിച്ചുകൊണ്ടുപോകാന്‍ പ്രവര്‍ത്തിച്ചതിനാല്‍ അദ്ദേഹത്തിന് പ്രത്യേക പരിഗണന നല്‍കുന്നതില്‍ ഏറെക്കുറെ സമവായം ഉണ്ടിയിട്ടുണ്ട്. കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ തുടരണമെന്ന ആവശ്യവും ഏറെക്കുറെ അംഗീകരിക്കപ്പെടും. നാല് ഡിസിസി അധ്യക്ഷന്മാരെ നിലനിര്‍ത്തണമെന്നാണ് ഉയരുന്ന ആവശ്യം.ഈ ജില്ലകളില്‍ ജന.സെക്രട്ടറിമാരേയും മറ്റും ആവശ്യമെങ്കില്‍ മാറ്റും. ഓരോ നേതാക്കളും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ പരിഗണിക്കണമെന്നും ചിലരെ മാറ്റരുതെന്നും ആവശ്യമുന്നയിച്ചതോടെയാണ് പുന:സംഘടന ചര്‍ച്ചകള്‍ തത്ക്കാലത്തേക്ക് നിലച്ചിരുന്നത്. എന്നാല്‍ ഏപ്രിലില്‍ ഗുജറാത്തില്‍ നടന്ന പാര്‍ട്ടി ദേശീയ സമ്മേളനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലേയും കെപിസിസി, ഡിസിസി ഭാരവാഹികളെ മാറ്റി നിയമിക്കണമെന്ന് ഹൈക്കമാന്റ് നിര്‍ദേശിച്ചിരുന്നു. രണ്ട് മാസത്തിനുള്ളില്‍ പുനസംഘടന പൂര്‍ത്തിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടുവെങ്കിലും കെ പി സി സി പുന:സംഘടന ചില തര്‍ക്കങ്ങള്‍ കാരണം വൈകി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പുനസംഘടനയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയെങ്കിലും കെപിസിസി ജനറല്‍ സെക്രട്ടറിമാരേയും വൈസ് പ്രസിഡന്റുമാരേയും മറ്റു ഭാരവാഹികളേയും നിശ്ചയിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്ഥാനചലനമുണ്ടാവുന്ന ഡിസിസി അധ്യക്ഷന്മാരെ കെപിസിസി ഭാരവാഹികളായി പുനര്‍നിയമിക്കാനാണ് നിര്‍ദേശം. എട്ട് ഡിസിസി അധ്യക്ഷന്മാര്‍ കെപിസിസി ഭാരവാഹികളാകും. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായിരുന്ന പാലോട് രവിയുള്‍പ്പെടെ കെപിസിസി ഭാരവാഹി പട്ടികയില്‍ ഉണ്ടെന്നാണ് അറിവ്. ഫോണ്‍ വിവാദത്തില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷനായിരുന്ന പാലോട് രവിയെ മാറ്റിയിരുന്നു.ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ആര്‍ക്കെങ്കിലും ഇളവുനല്‍കേണ്ടതുണ്ടോ എന്ന് തീരുമാനിക്കും. ഗ്രൂപ്പടിസ്ഥാനത്തില്‍ തന്നെ ഡിസിസി അധ്യക്ഷന്മാരെ നിയമിക്കണമെന്നാണ് എല്ലാ നേതാക്കളുടേയും ആവശ്യം. പ്രവര്‍ത്തന മികവായിരിക്കണം ഭാരവാഹിത്വത്തിനുള്ള പരിഗണന എന്നാണ് ഹൈക്കമാന്റ് നിര്‍ദേശം. എന്നാല്‍ ഗ്രൂപ്പ് മറന്നുള്ള ഭാരവാഹിത്വമൊന്നും ഗ്രൂപ്പ് നേതാക്കള്‍ അംഗീകരിക്കാന്‍ തയ്യാറല്ല. തര്‍ക്കങ്ങളോ പരാതികളോ ഇല്ലാതെ വേണം ഡിസിസി പുന:സംഘടനയെന്നതാണ് എഐസിസി നിര്‍ദേശം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജന.സെക്രട്ടറി ദീപാദാസ് മുന്‍ഷി എല്ലാ മുതിര്‍ന്ന നേതാക്കളുമായും പുനസംഘടനാ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.കേരളത്തില്‍ ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയെന്നതാണ് പുതിയ കമ്മിറ്റികളുടെ ചുമതല. അസംബ്ലി തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കാനും നിര്‍ദേശമുണ്ട്. സ്ഥാന ഭ്രഷ്ടരാവുന്ന ചിലരെ അസംബ്ലി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.എല്ലാവിഭാഗം പ്രവര്‍ത്തകരേയും വിശ്വാസത്തിലെടുത്തുവേണം പുതിയ ഭാരവാഹിപട്ടിക പുറത്തുവിടാന്‍. വിവിധ ജില്ലാ കമ്മിറ്റികളിലേക്ക് പരിഗണിക്കപ്പെടുന്നതിനായി മൂന്നുവീതം പേരുകളാണ് കെപിസിസി ഹൈക്കമാന്റിനുമുന്നില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള സമ്മര്‍ദ്ദവും ഇതോടൊപ്പം നടക്കുന്നുണ്ട്. കെപിസിസി, ഡിസിസി അധ്യക്ഷനിയമനത്തില്‍ സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിന്റെ അഭിപ്രായങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ഡിസിസി അധ്യക്ഷന്മാരേയും കെപിസിസിയിലെ ഒഴിവുകളും നികത്തുമെന്നാണ് എഐസിസി വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button