കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം: വീണാ ജോർജിന് മന്ത്രിയായിരിക്കാനുള്ള ധാർമിക അവകാശമില്ലെന്ന് കെ സുരേന്ദ്രൻ

ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും കുറ്റകരമായ അനാസ്ഥ കാണിച്ചു എന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ഉണ്ടായ ദാരുണമായ ദുരന്തത്തിന് കാരണം സർക്കാരിന്റെ പിടിപ്പുകേടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സർക്കാരിന്റെ തികഞ്ഞ അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് മരണസംഖ്യ ഉയരാൻ കാരണമെന്നും ഇത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണ്, ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും കുറ്റകരമായ അനാസ്ഥ കാണിച്ചു എന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ അഞ്ച് പേരാണ് മരിച്ചത്. വിഷയത്തെ തുടർന്ന് ആരോഗ്യമന്ത്രി തികഞ്ഞ പരാജയമാണെന്നും രാജിവെക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ടുണ്ട്. വീണാ ജോർജിന് മന്ത്രിയായിരിക്കാനുള്ള ധാർമിക അവകാശമില്ലെന്നും സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതുപോലെ ഇന്നലെ പൂർത്തിയായ വിഴിഞ്ഞം കമ്മീഷനിങിലെ വിവാദത്തെ പറ്റിയും കെ സുരേന്ദ്രൻ പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ വിഴിഞ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് കേരള സർക്കാരിന്റെ ഔദാര്യത്തിലല്ലെന്നും കേന്ദ്ര സർക്കാരാണ് അദ്ദേഹത്തെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ നിശ്ചയിച്ചത്, എസ്പിജി പ്രോട്ടോകോൾ അനുസരിച്ച് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂർ മുമ്പ് സദസ്സിൽ എത്തേണ്ടതാണ്. അത് മാത്രമേ രാജീവ് ചന്ദ്രശേഖർ ചെയ്തിട്ടുള്ളൂ എന്നും സുരേന്ദ്രൻ പറഞ്ഞു