ശരീരമാസകലം പരിക്ക്, മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്ന് ദൂരെ മാറി;പൊലീസ് വിട്ടയച്ചയാൾ ജീവനൊടുക്കിയതിൽ ദുരൂഹത

കാക്കി വേഷം ധരിച്ച മൂന്നുപേർ വീട്ടിലെത്തി മകനെ വിളിച്ചിറക്കിക്കൊണ്ട് പോയതായി മാതാവ് അമ്മിണി പറയുന്നു
പത്തനംതിട്ട: ഇളകൊള്ളൂരിൽ 58 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പത്തനംതിട്ട പുല്ലാട് വരയന്നൂർ സ്വദേശി കെ എം സുരേഷിനെയാണ് മാർച്ച് 22ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോന്നി പൊലീസ് കേസെടുത്തിരുന്നു. മരിച്ച നിലയിൽ കണ്ടെത്തുന്നതിന് കുറച്ച് ദിവസങ്ങൾക്ക് (മാർച്ച് 16ന്) മുൻപ് കഞ്ചാവ് വലിച്ചതിന് വീടിനു സമീപത്തു നിന്ന് സുരേഷിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നീട് എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം സുരേഷിനെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
സുരേഷിന്‍റേത് തൂങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ദേഹമാസകലം പരിക്കേറ്റിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കാക്കി വേഷം ധരിച്ച മൂന്നുപേർ വീട്ടിലെത്തി മകനെ വിളിച്ചിറക്കിക്കൊണ്ട് പോയതായി മാതാവ് അമ്മിണി പറയുന്നു. ഇവർ വീടിനകത്തേക്ക് കയറിയപ്പോൾ താൻ ഇരിക്കാൻ പറഞ്ഞിരുന്നുവെന്നും എന്നാൽ ‘വാടാ ബാബുവേ’ എന്ന് വിളിച്ച് മകനെ ഇറക്കി കൊണ്ടുപോവുകയായിരുന്നുവെന്നും ബാബുവിൻ്റെ മാതാവ് പറയുന്നു.
അതേ സമയം, വരയന്നൂർ സ്വദേശിയായ സുരേഷ് എന്തിനാണ് (കോന്നി) അത്രയും ദൂരെ പോയി ആത്മഹത്യ ചെയ്യുന്നതെന്ന് സഹോദരൻ സംശയം ഉയർത്തി. തൂങ്ങിമരിക്കാൻ ആണെങ്കിൽ വീട്ടിൽ നിന്നും ദൂരെ പോകേണ്ട കാര്യമില്ലല്ലോ. സുരേഷിനെ ആരാണ് വിളിച്ചുകൊണ്ടു പോയതെന്ന് അറിയണമെന്നും സുരേഷിൻ്റെ ഫോൺ തിരികെ ലഭിക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടു. അതേ സമയം, മകനെ വിളിച്ചിറക്കിക്കൊണ്ട് പോയ കാക്കി ധരിച്ച മൂന്നു പേരെ കണ്ടാൽ അറിയാമെന്ന് മാതാവ് അമ്മിണിയമ്മ പറയുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുബം ആരോപിക്കുന്നത്.