ക്രിസ്മസിന് കോഴി വാങ്ങുമ്പോള്‍ കീശ കാലിയാകും! ബ്രോയിലറിനെ കടത്തിവെട്ടി ലഗോണ്‍

കോഴിക്കോട്: ഇറച്ചിക്കോഴിയേക്കാള്‍ വില കുത്തനെകൂടി ലഗോണ്‍ കോഴി വില. ബ്രോയിലര്‍ കോഴിയിറച്ചിയേക്കാള്‍ കുറഞ്ഞ വിലക്ക് ലഭിച്ചിരുന്ന ലഗോണ്‍ ഇറച്ചിക്കാണ് ഇപ്പോള്‍ കുത്തനെ വില വര്‍ധിച്ചത്. 230 മുതല്‍ 250 രൂപ വരെയാണ് നഗരത്തില്‍ ലഗോണ്‍ കോഴിയിറച്ചി വില.കോഴി തൂക്കി വാങ്ങുമ്പോള്‍ വില 160 മുതലാണ്. അതേ സ്ഥാനത്ത് ബ്രോയിലര്‍ ഇറച്ചി കിലോ 140 മുതലാണ് വില. ഗ്രാമ പ്രദേശങ്ങളില്‍ ഇത് 180 ആണ്. സമീപകാലത്തൊന്നും ലഗോണിന് ഇത്രയും വില വര്‍ധിച്ചിട്ടില്ലെന്നും ഇത് റെക്കോഡാണെന്നും വ്യാപാരികള്‍ പറയുന്നു. ലഗോണ്‍ ഇറച്ചിക്കും മുട്ടക്കും വില ഇനിയും വര്‍ധിക്കാനാണ് സാധ്യത.മുട്ട വില ഉയര്‍ന്നതിന് ആനുപാതികമായാണ് മുട്ടക്കോഴിയായ ലഗോണിന്റേയും വില വര്‍ധിച്ചത്. മുട്ടവില ഏഴ് ആയാണ് ഉയര്‍ന്നത്. ക്രിസ്മസ് കേക്കുണ്ടാക്കാന്‍ മുട്ടക്ക് ആവശ്യക്കാര്‍ കൂടുന്നതാണ് വില വര്‍ധിക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുട്ടക്ക് നല്ല വില ലഭിക്കുന്നതിനാല്‍ ലഗോണ്‍ കോഴികളെ ഫാമുകളില്‍ നിന്ന് ഇറച്ചിക്ക് വിട്ടുനല്‍കുന്നുമില്ല.മുട്ടക്ക് മെച്ചപ്പെട്ട വില ലഭിക്കുമ്പോള്‍ പരമാവധി മുട്ട ഉല്‍പാദിപ്പിക്കാനാണ് ഫാം ഉടമകള്‍ ശ്രമിക്കുന്നതെന്നും അതിനാല്‍ തന്നെ ക്രിസ്മസ് സീസണ്‍ കഴിഞ്ഞതിന് ശേഷമേ ലഗോണ്‍ ഇറച്ചിക്ക് വില കുറയാനിടയുള്ളൂ എന്നും വ്യാപാരികള്‍ പറയുന്നു.