ഗവർണർക്ക് വീണ്ടും തിരിച്ചടി; താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി; സിസ തോമസും ശിവപ്രസാദും പുറത്ത്

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും.താത്ക്കാലിക വിസിമാരുടെ നിയമനം ആറ് മാസത്തില്‍ കൂടുതല്‍ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിസി നിയമനം നീളുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും. സ്ഥിര വിസി നിയമനത്തില്‍ കാലതാമസം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിസി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് വേണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ അപ്പീല്‍ തള്ളി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.