ഗ്യാസില്ലാത്തതിനാല്‍ ക്ഷേത്രങ്ങളിലെ അന്നദാനങ്ങള്‍ മുടങ്ങി, സുരേഷ് ഗോപി ഇടപെടണമെന്ന് ആവശ്യം, തര്‍ക്കം,മറുപടി

തൃശൂർ: പൂര പ്രദർശന ഉദ്ഘാടനത്തിൽ പാചക വാതക പ്രതിസന്ധിയെ കുറിച്ച് തർക്കിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഉദ്ഘാടന ചടങ്ങിൽ പശ്ചിമേഷ്യയിൽ യുദ്ധഭീതി അവസാനിക്കാൻ പ്രാർഥനയർപ്പിച്ച് പ്രസംഗം അവസാനിപ്പിച്ച കേന്ദ്രമന്ത്രിയോട് സാധാരണക്കാർ നേരിടുന്ന പാചകവാതക പ്രതിസന്ധികൾക്ക് പരിഹാരം വേണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും ജില്ലാപഞ്ചായത്ത് പ്രസിഡന്റും പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടതായിരുന്നു തർക്കത്തിൻ്റെ തുടക്കം.ക്ഷേത്രങ്ങളിലെ അന്നദാനങ്ങൾക്കും പാചകവാതക പ്രതിസന്ധി വെല്ലുവിളിയാകുന്നതായും അതിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രികൂടിയായ സുരേഷ് ഗോപി പരിഹാരം കാണണമെന്നും മുഖ്യപ്രഭാഷണത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ രവീന്ദ്രൻ ആവശ്യപ്പെട്ടു. പ്രതിസന്ധി മൂലം തൃപയാർ ക്ഷേത്രത്തിലെ ചില അന്നദാനം മുടങ്ങിയതായും അദേഹം കൂട്ടിച്ചേർത്തു. തുടർന്ന് സംസാരിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പ്രതിസന്ധി കൂടുതൽ ശക്തമായി ഉയർത്തിക്കാട്ടി. ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് അടുപ്പുകൂട്ടി ആഹാരം പാകംചെയ്യുകയെന്നത് സാധ്യമല്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നുവെന്നുമായിരുന്നു ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞത്.തൃപ്രയാറിൽ പാചകവാതകം ഇല്ലെങ്കിൽ, ക്ഷേത്രം പ്രതിനിധികൾ കളക്ടറെ അറിയിക്കണമായിരുന്നു. ഇത്തരം സാഹചര്യത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് ചില സഹകരണങ്ങൾ വേണമെന്നും പുരം കലക്കിയതുപോലെ ഗ്യാസും കലക്കാൻ ശ്രമമുണ്ടായി, അത് താനിടപെട്ട് പരിഹരിച്ചുവെന്നും സുരേഷ് ഗോപി തർക്കത്തിനിടെ അവകാശപ്പെട്ടു.ഇതിന് പിന്നാലെ സുരേഷ് ഗോപി വീണ്ടും മൈക്ക് കൈയ്യിലെടുത്ത് പ്രതികരിച്ചു. പരിപാവനമായൊരു സന്ദർഭത്തെ ഇത്തരത്തിൽ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നായിരുന്നു ആദ്യ പ്രതികരണം. പ്രതിസന്ധി വിഷയത്തിൽ നടപടി സ്വീകരിച്ചതിൻ്റെ ഭാഗമായാണ് ഹോട്ടൽ, കമ്യൂണിറ്റി കിച്ചൺ എന്നിവിടങ്ങളിൽ പാചകവാതകത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. നമ്മളല്ല, പശ്ചിമേഷ്യയിൽ യുദ്ധം അഴിച്ചുവിട്ടത്. മുൻവർഷങ്ങളിൽ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. അന്നൊന്നും പ്രധാനമന്ത്രിയെയും ഭരണത്തെയും ആരും കുറ്റം പറഞ്ഞിരുന്നില്ല. ‘സാമ്രാജ്യം’ എന്ന വാക്കുപയോഗിച്ച് മനോനില കെടുത്താമെന്ന് ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രവും വിചാരിക്കേണ്ടാ. അതിലൂടെ നിങ്ങളുടെ നാശത്തിന് ചിതയൊരുങ്ങുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. താനിങ്ങനെയൊന്നും സംസാരിക്കുന്നയാളല്ലെന്നും സങ്കടംകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നുമായിരുന്നു അടുത്ത പ്രസ്താവന. എല്ലാ ഉത്തരവാദിത്വങ്ങളും മുഖ്യമന്ത്രിയെ ഏൽപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അതെല്ലാം കൃത്യമായി ചെയ്യുന്നുണ്ട്. ഇനിയും വീഴ്ചകളുണ്ടെങ്കിൽ അതു മുഖ്യമന്ത്രിയുടെയും 14 കളക്ടർമാരുടെയും വീഴ്ചയാണെന്നും കുറ്റപ്പെടുത്തി.അതേസമയം പാറമേക്കാവ് ക്ഷേത്രത്തിനാവശ്യമായ 40 പാചക വാതക സിലിൻഡറും ശാന്തിഘട്ടിലെ സംസ്കാരച്ചടങ്ങുകൾക്കായി ദിവസേന 10 വീതം സിലിൻഡറും നൽകാൻ കേന്ദ്രമന്ത്രി നേരിട്ട് ഇടപെട്ടതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു. പൂരം പ്രദർശനത്തിന് വിവിധ സംസ്ഥാനങ്ങളിൽനിന്ന് സ്റ്റാളുകളുമായി എത്തുന്നവർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിന് ദിവസേന 10 സിലിൻഡറുകൾ നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും രാജേഷ് കൂട്ടിച്ചേർത്തു.



