dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ചില കഥകൾ അവസാനിക്കില്ല’; കേരള സ്റ്റോറിക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് നിർമാതാക്കൾ

2023-ൽ പുറത്തിറങ്ങി വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയ ബോളിവുഡ് ചിത്രം ദി കേരള സ്റ്റോറിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ‘ബിയോണ്ട് ദി കേരള സ്റ്റോറി’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. സിനിമയുടെ നിർമാതാക്കളായ വിപുൽ അമൃത്‌ലാൽ ഷാ ആണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ‘ചില കഥകൾ അവസാനിക്കുന്നില്ല. ഇത്തവണ കൂടുതൽ ആഴത്തിലേക്ക്’ എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കൾ വീഡിയോ പുറത്തുവിട്ടത്.വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്. 2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സഹനിർമ്മാതാവായി ആഷിൻ എ ഷായും പ്രവർത്തിക്കുന്നു. പുതുമുഖങ്ങളാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുക. ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.റിലീസ് സമയത്ത് നിറയെ വിവാദങ്ങൾ ഉണ്ടാക്കിയ സിനിമയാണ് കേരള സ്റ്റോറി. കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത സിനിമ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്നും വിദ്വേഷപ്രചരണമാണ് നടത്തുന്നതെന്നും നിരവധി പേർ ആരോപിച്ചിരുന്നു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ സിനിമ കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ സിനിമയുടെ ഈ പുരസ്‌കാരത്തിന് പിന്നാലെ നിരവധി ചോദ്യങ്ങളും ഉയർന്നിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചത് എന്നായിരുന്നു വിമർശനങ്ങൾ.സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയ ആദ ശർമ്മ അവതരിപ്പിച്ച ശാലിനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിനും നിറയെ ട്രോളുകൾ ലഭിച്ചിരുന്നു. മലയാള ഭാഷയെ വികലമായി അവതരിപ്പിച്ചതിനും മോശം പ്രകടനത്തിൻ്റെ പേരിലുമാണ് വിമർശനങ്ങൾ നടിയെ തേടി എത്തിയത്. അതേസമയം, രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോക്ക് താഴെ കമന്റുകളുമായി മലയാളികൾ എത്തുന്നുണ്ട്. ‘അടുത്ത പ്രൊപ്പഗണ്ട സിനിമയുമായി വന്നിരിക്കുന്നു’, കേരളത്തിന്റെ പുരോഗതിയിലും സാമുദായിക ഐക്യത്തിലും ഉത്തരേന്ത്യക്കാർ അസൂയപ്പെടുമ്പോൾ,അവർ അതിനെ അപകീർത്തിപ്പെടുത്താൻ ഇത്തരം സിനിമകൾ നിർമിക്കുന്നു’ എന്നാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button