News
മഴ കനത്തതോടെ പമ്പയിൽ ജലനിരപ്പ് ഉയർന്നു

ശബരിമല: മഴ കനത്തതോടെ പമ്പയിൽ ജലനിരപ്പ് ഉയർന്നു. കക്കിയാറ്റിലും ഒഴുക്ക് ശക്തമായി. പുലർച്ചെ 4ന് ശേഷമാണു ജലനിരപ്പ് കൂടിയത്. ജലസേചന വകുപ്പ് ആറാട്ടുകടവ് തടയണ തുറന്നു വെള്ളം കെട്ടിനിൽക്കാതെ ഒഴുക്കിവിടുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീർഥാടകർ പമ്പാ നദിയിൽ കുളിക്കാൻ ഇറങ്ങുന്നത് ഒഴിവാക്കണമെന്നു പൊലീസ് നിർദേശിച്ചു.ശബരിമല എഡിഎം അരുൺ എസ്.നായർ പമ്പയിൽ ക്യാംപ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന, പൊലീസ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പമ്പാ മണപ്പുറത്തു ക്യാംപ് ചെയ്യുന്നുണ്ട്.