ജയിലിലുള്ളത് പാവങ്ങളല്ലേ? അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഈ കൂലി ഉപകാരപ്പെടും; വേതന വർധനയെ ന്യായീകരിച്ച് ഇ പി ജയരാജൻ

ജയിലിൽ തടവുകാരുടെ വേതന വർധനവിനെ ന്യായീകരിച്ച് സിപിഐഎം നേതാവ് ഇപി ജയരാജൻ. ജയിലിലുള്ളത് പാവങ്ങളല്ലേ? ജയിലിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഈ കൂലി ഉപകാരപ്പെടും. സർക്കാർ നടത്തിയത് കാലോചിതമായ പരിഷ്കാരമാണ്. തൊഴിലുറപ്പിന്‍റെയും ആശമാരുടെയും വേതനം കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്നും ഇപി ജയരാജൻ പറഞ്ഞു.ജയിലിലുള്ളത് പാവങ്ങളാണ്, പല കാരണങ്ങൾ കൊണ്ട് കുറ്റവാളികൾ ആയവരാണവർ, സംസ്ഥാനത്ത് തടവുകാരുടെ ദിവസ വേതനം 620 രൂപയാക്കിയാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്. പരമാവധി ദിവസ വേതനം 230 രൂപയായിരുന്നു. ഇതാണ് സർക്കാർ 620 രൂപയാക്കി ഉയർത്തിയത്. ജയില്‍ വകുപ്പ് ശുപാർശ ചെയ്തത് 350 രൂപയാക്കി ഉയർത്താനാണ്. എന്നാല്‍ സർക്കാര്‍ ഇത് 620 ആക്കി ഉയർത്തി. ഇതോടെ രാജ്യത്ത് തടവുകാർക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.2018നു ശേഷം ഇതാദ്യമായാണ് കേരളത്തിൽ തടവുകാരുടെ വേതനം വർധിപ്പിക്കുന്നത്. സ്കിൽഡ്, സെമി സ്കിൽഡ്, അൺസ്കിൽഡ് എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായി പത്തിരട്ടി വരെ വേതന വർധനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്കിൽഡ് ജോലികൾക്ക് 152 രൂപയിൽ നിന്ന് 620 രൂപയായും സെമി സ്കിൽഡ് ജോലികൾക്ക് 127 ൽ നിന്ന് 560 രൂപയായും അൺ സ്കിൽഡ് ജോലികൾക്ക് 63ൽ നിന്ന് 530 രൂപയായുമാണ് വർധിപ്പിച്ചത്.



