ഞങ്ങളാണ് താങ്കളോട് നന്ദി പറയേണ്ടത്…’; മമ്മൂട്ടിയോട് ഡിജിപി, ആഭ്യന്തര വകുപ്പിന്റെ പിന്തുണയുമായി ‘ടോക് ടു മമ്മൂക്ക’ പുതിയ ഘട്ടത്തിലേക്ക്

കൊച്ചി: മമ്മൂട്ടിയുടെ ‘താങ്ക് യൂ…’എന്ന വാക്കിന് മറുപടിയായി ഡിജിപി രവാഡ ചന്ദ്രശേഖർ പറഞ്ഞു, ‘ഞങ്ങൾ താങ്കളോടാണ് നന്ദി പറയേണ്ടത്, സമൂഹത്തിനുവേണ്ടി ഇത്തരമൊരു പദ്ധതി തുടങ്ങിയതിന്..’ ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ ഫോണിലൂടെ കൈമാറാനായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ടോക് ടു മമ്മൂക്ക’ ആഭ്യന്തര വകുപ്പിന്റെ പിന്തുണയോടെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു അപ്പോൾ.ടോക് ടു മമ്മൂക്ക’യിലേക്ക് ലഭിക്കുന്ന വിവരങ്ങളും പരാതികളും സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി സർക്കാർ ഉത്തരവായതിന് പിന്നാലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡിജിപി തന്നെ തത്സമയ പരാതി പരിഹാരത്തിന് തുടക്കമിട്ടു. കോഴിക്കോട് നടുവണ്ണൂരിൽ നിന്നുള്ള പരാതിയാണ് ഡിജിപി സ്വീകരിച്ചത്. ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ വിശ്രമിക്കുന്ന മമ്മൂട്ടി ഫോണിലൂടെ ചടങ്ങിന്റെ ഭാഗമായി. പദ്ധതിക്ക് പിന്തുണ നൽകുന്നതിന് സർക്കാരിനും ആഭ്യന്തര വകുപ്പിനുമുള്ള നന്ദി അദ്ദേഹം ഡിജിപിയെ അറിയിച്ചു.