dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

ഇടുക്കിയിലെ പട്ടയവിതരണം ; എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെന്നു മന്ത്രി

സുപ്രീംകോടതി ഉത്തരവു പ്രകാരം ഇടുക്കി കാർഡമം ഹില്‍ റിസർവ് (സിഎച്ച്‌ആർ) മേഖലയില്‍ പട്ടയം വിതരണം നടത്തുന്നതിനു നിയമപരമായ തടസമുണ്ടെന്നും ഇടക്കാല ഉത്തരവിനെ തുടർന്ന് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട തുടർനടപടിയുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം തേടിയിട്ടുണ്ടെന്നും മന്ത്രി കെ.രാജൻ നിയമസഭയില്‍ പറഞ്ഞു.പി.ജെ. ജോസഫിന്‍റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.സിഎച്ച്‌ആർ റവന്യു ഭൂമിയാണോ വനഭൂമിയാണോ എന്നു സർക്കാർ നിലപാടു വ്യക്തമാക്കണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാനം പലപ്പോഴായി നല്‍കിയ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകള്‍ തിരിച്ചടി ആകരുതെന്നും പി.ജെ. ജോസഫ് പറഞ്ഞു. സുപ്രീംകോടതിയിലെ സ്റ്റേ ഒഴിവാക്കാൻ ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.ഉടുമ്ബൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്ന ഏലമലക്കാടുകളില്‍ ചെറിയ വിസ്തൃതി മാത്രമാണ് റിസർവ് വനഭൂമി എന്ന നിലപാടാണ് സർക്കാർ സുപ്രീംകോടതിയില്‍ സ്വീകരിച്ചതെന്ന് മന്ത്രി രാജൻ പറഞ്ഞു. ഏലമലക്കാടുകളുടെ അവകാശം റവന്യു വകുപ്പിനാണെന്നും ഈ പ്രദേശത്തെ വൃക്ഷങ്ങളുടെ നിയന്ത്രണം മാത്രമാണ് റവന്യു-വനം വകുപ്പുകള്‍ക്ക് കൂട്ടായി ഉള്ളതെന്നുമാണ് സർക്കാർ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചത്.2023 ഫെബ്രുവരി 17ന് ഏലമലക്കാട് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം ഫയല്‍ ചെയ്യാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സർക്കാരിനുവേണ്ടി കഴിഞ്ഞ ഒക്‌ടോബർ 23ന് ചീഫ് സെക്രട്ടറി സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഇതേത്തുടർന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്.സിഎച്ച്‌ആർ മേഖലയില്‍ 1993ലെ ഭൂമി പതിവ് പ്രത്യേക ചട്ടങ്ങള്‍ പ്രകാരമാണ് പട്ടയം അനുവദിക്കുന്നത്. ലാൻഡ് രജിസ്റ്റർ അടിസ്ഥാനപ്പെടുത്തി ചട്ടം 2 എഫ് പ്രകാരം നിർവചിച്ച ഭൂമിക്കാണു പട്ടയം അനുവദിക്കുന്നത്.1980ലെ വനനിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പട്ടയം വിതരണം ചെയ്യുന്നതിന് അനുമതി കിട്ടിയ 20,363.15 ഹെക്ടർ ഭൂമിയില്‍ സിഎച്ച്‌ആർ മേഖലയിലെ പട്ടയങ്ങളും ഉള്‍പ്പെടും. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പട്ടയം അനുവദിക്കരുതെന്നാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവെന്നും മന്ത്രി രാജൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button