*ഡല്‍ഹി ഭൂചലനം: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി*

ഡല്‍ഹിയിലും പരിസര പ്രദേശത്തും തിങ്കളാഴ്‌ച പുലർച്ചെയുണ്ടായ ഭൂചലനത്തെത്തുടർന്ന് ജനങ്ങള്‍ ശാന്ത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
തുടർ ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികാരികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. എല്ലാവരും ശാന്തരായിരിക്കാനും സുരക്ഷാ മുൻകരുതലുകള്‍ പാലിക്കാനും തുടർചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനും അഭ്യർത്ഥിക്കുന്നു. അധികാരികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,” എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പ്രധാനമന്ത്രി കുറിച്ചു.
നാഷണല്‍ സെന്റർ ഫോർ സീസ്‌മോളജിയുടെ റിപ്പോർട്ടനുസരിച്ച് തിങ്കളാഴ്ച പുലർച്ചെ ഡല്‍ഹി-എൻസിആറിന്റെ ചില ഭാഗങ്ങളില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകള്‍ ഇല്ല. പുലർച്ചെ 5.36 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ന്യൂഡല്‍ഹിയിലെ ധൗള കുവാനിലെ ദുർഗാഭായ് ദേശ്മുഖ് കോളേജ് ഓഫ് സ്പെഷ്യല്‍ എഡ്യൂക്കേഷന് സമീപമാണ് പ്രഭവകേന്ദ്രം. ശക്തമായ ഭൂചലനത്തെ തുടർന്ന് ഡല്‍ഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ ബഹുനില കെട്ടിടങ്ങളിലെ നിരവധി താമസക്കാർ വീടുകള്‍ക്ക് പുറത്തേക്ക് ഓടി.ഭൂകമ്ബം ഉണ്ടായപ്പോള്‍ വലിയ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു.