ഡൽഹി സ്ഫോടനം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടു. അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കും നിർദേശം നൽകി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത്ഷായുമായി സംസാരിച്ചു. അമിത് ഷാ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിച്ചു.ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായത് സാധാരണ നിലയിലുള്ള സ്ഫോടനം അല്ലെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. എൻഐഎ സംഘം രാസ പരിശോധനകൾ ആരംഭിച്ചു. ഡൽഹിയിലുണ്ടായ സ്ഫോടനത്തിൽ എട്ട് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 21 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് രാജ്യത്തുടനീളം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ എല്ലാ മേഖലകളിലും സുരക്ഷ വർധിപ്പിച്ചു. പൊലീസ് പട്രോളിങ് വർധിപ്പിച്ചു.



