dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇടുക്കിയിൽ വൻതോതിൽ അനധികൃത പാറഖനനം; പിന്നിൽ കഴിഞ്ഞ വർഷം ലക്ഷങ്ങൾ പിഴ ചുമത്തപ്പെട്ടവർ തന്നെയെന്ന് കണ്ടെത്തൽ

ഇടുക്കി: ഇടുക്കി താലൂക്കിൽ മാത്രം മൂന്നിടത്ത് വൻ തോതിൽ അനധികൃത പാറഖനനം നടക്കുന്നതായി കളക്ടർ നിയോഗിച്ച പ്രത്യേക സംഘത്തിന്‍റെ കണ്ടെത്തൽ. അനധികൃത ഖനനം നടത്തിയതിന് മുൻപ് ലക്ഷങ്ങൾ പിഴ ചുമത്തപ്പെട്ടവർ തന്നെയാണിതിന് പിന്നിലെന്നാണ് കണ്ടെത്തൽ. ഇവർക്ക് വീണ്ടും പിഴ ചുമത്താനുള്ള നടപടികൾ ഇടുക്കി ജില്ലാ ഭരണകൂടം തുടങ്ങി.

ഇടുക്കി താലൂക്കിലെ ഉപ്പുതോട്, തങ്കമണി എന്നീ വില്ലേജുകളിൽ നടത്തിയ പരിശോധനയിലാണ് മൂന്നിടത്ത് അനധികൃതമായി പാറ പൊട്ടിക്കുന്നതായി കണ്ടെത്തിയത്. രണ്ടു പേരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിൽ വിമലഗിരി സ്വദേശി ഉണ്ണിക്കൃഷ്ണന് 32 ലക്ഷം രൂപ കഴിഞ്ഞ വർഷം പിഴ ചുമത്തിയിരുന്നു. 11965 മെട്രിക് ടൺ പാറ അനധികൃതമായി പൊട്ടിച്ച് കടത്തിയതിനാണ് പിഴ ചുമത്തിയത്. ഒരു മെട്രിക് ടൺ പാറക്ക് 240 രൂപയാണ് മൈനിംഗ് ആൻറ് ജിയോളജി വകുപ്പ് പിഴ ഈടാക്കുന്നത്. അതോടൊപ്പം ഉപ്പുതോട് ഭാഗത്തുള്ള മേരി ജോൺ എന്നയാൾക്കും 27 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇവർ പിഴയൊടുക്കാതെ വീണ്ടും അനധികൃത ഖനനം നടത്തുന്നതായി കഴിഞ്ഞ ഒക്ടോബറിൽ കളക്ടർക്ക് ജില്ലാ ജിയോളജിസ്റ്റ് റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല.

ഇവർക്ക് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിൻറെ മരുമകനുമായുള്ള ബന്ധവും സംഘം അന്വേഷിക്കുന്നുണ്ട്. സ്വകാര്യ വ്യക്തികളെ സ്വാധീനിച്ച് പുരയിടത്തിൽ നിന്നും ക്വാറി മാഫിയ പലയിടത്തു നിന്നും പാറ പൊട്ടിച്ചു കടത്തിയിട്ടുണ്ട്. ഇത് ചെയ്തവരെ കണ്ടെത്താൻ പൊലീസിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉടുമ്പൻചോല താലൂക്കിലെ കുത്തകപ്പാട്ട ഏലത്തോട്ടങ്ങൾക്കുള്ളിൽ പാറ ഖനനം നടക്കുന്നതായും റവന്യൂ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിനായി നിയോഗിച്ച സംഘം വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button