നഗരത്തിലെ റോഡരികില്‍ ചാക്കില്‍കെട്ടി മാലിന്യം തള്ളി

നഗരത്തിന് നടുവിലെ പ്രധാന റോഡരികില്‍ ചാക്കുകളില്‍ കെട്ടി മാലിന്യം തള്ളി. തൊടുപുഴയിലെ ഏറ്റവും തിരക്കേറിയ റോഡരികില്‍ ഒരു പകല്‍ മുഴുവൻ മാലിന്യം കുമിഞ്ഞ് കൂടി കിടന്നിട്ടും സംഭവത്തില്‍ യാതൊരു നടപടിയും കൈക്കൊള്ളാൻ നഗരസഭാ അധികൃതർ തയ്യാറായില്ലെന്നും പരാതിയുണ്ട്.
ഇന്നലെ രാവിലെ മുതലാണ് ന്യൂമാൻ കോളേജിന് സമീപം റോഡരികിലായി ചാക്കുകളില്‍ കെട്ടിയ മാലിന്യം തള്ളിയിരിക്കുന്നതായി സമീപത്തുള്ള വ്യാപാരികളുടെയും മറ്റും ശ്രദ്ധയില്‍പ്പെടുന്നത്. ഫുട്പാത്തിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ഇരുമ്ബ് സംരക്ഷണ വേലിയില്‍ ചാരി വച്ചിരിക്കുന്ന നിലയിലാണ് മാലിന്യം നിറച്ച് ചാക്കുകള്‍. ഭക്ഷ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യം ചാക്കുകളില്‍ നിന്ന് റോഡിലേക്കും ഫുട്പാത്തിലേക്കും ചിതറി വീഴുന്നുണ്ട്. തൊടുപുഴ നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നുള്ളതാണ് മാലിന്യമെന്ന് സ്ഥലത്തെത്തിയവർ പറഞ്ഞു.ഇതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു നടപടിയും കൈക്കൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ല. ഇന്നലെ വൈകിട്ട് പെയ്ത മഴയെ തുടർന്ന് മാലിന്യം റോഡിലാകെ പടർന്നൊഴുകിയിട്ടുണ്ട്. കോളേജും നിരവധി വ്യാപാര സ്ഥാപനങ്ങളുമുള്ള ഭാഗത്താണ് ഇത്രയേറെ മാലിന്യം തള്ളിയിരിക്കുന്നത്. രാത്രി സമയത്ത് വാഹനത്തിലെത്തി തള്ളിയതാവാൻ സാദ്ധ്യതയുണ്ടെന്ന് സമീപത്തുള്ളവർ സൂചിപ്പിച്ചു. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി ടി.വി ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാല്‍ ഇതെത്തിച്ചവരെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കും. പൊതു സ്ഥലത്തെ മാലിന്യ നിക്ഷേപം തടയാൻ നടപടി സ്വീകരിക്കേണ്ട നഗരസഭയും പൊതുമരാമത്ത് വകുപ്പും മാലിന്യം നീക്കുന്നതോടൊപ്പം ഇത് കൊണ്ടുവന്നിട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി