നടിയെ ആക്രമിച്ച കേസില്‍ അപ്പീല്‍ ഉടന്‍; പ്രോസിക്യൂഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഉടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇത് സംബന്ധിച്ച പ്രോസിക്യൂഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞാല്‍ അപ്പീല്‍ നല്‍കും. അപ്പീലില്‍ വിചാരണക്കോടതി വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കും. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിട്ട വിധിക്കെതിരെയായിരിക്കും ആദ്യം അപ്പീല്‍ നല്‍കുക. കേസില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷനും മന്ത്രിമാര്‍ അടക്കമുള്ളവരും നേരത്തെ പറഞ്ഞിരുന്നു.കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു വിചാരണക്കോടതിയുടെ വിധി. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ആറ് പേര്‍ക്കും 20 വര്‍ഷം കഠിന തടവും പിഴയുമായിരുന്നു കോടതി വിധിച്ചിരുന്നത്. കേസിലെ എട്ടാം പ്രതി ദിലീപ് അടക്കം നാല് പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.



