ശബരിമലയിലെ ക്രമക്കേടുകൾ; ഇഡിയ്ക്കും പരാതി, വിശദമായ തുടരന്വേഷണത്തിന് തീരുമാനം

ശബരിമലയിലെ ക്രമക്കേടുകൾ സംബന്ധിച്ച് എൻഫോഴ്സ് ഡയറക്ടറേറ്റിനും പരാതി. ഒരു വർഷം ലഭിച്ച പരാതിയ്ക്ക് പിന്നാലെ സാമ്പത്തിക ഇടപാടുകളിൽ ഇ ഡി രഹസ്യ അന്വേഷണം നടത്തി. ടെൻഡർ നടപടികളിൽ നടന്നത് വൻകൊള്ളയെന്ന് ഇ ഡി യ്ക്ക് തെളിവ് ലഭിച്ചു. വിശദമായ തുടരന്വേഷണത്തിനാണ് ഇ ഡി തീരുമാനം.ശബരിമലയിലെ അനധികൃത സാമ്പത്തിക ഇടപാടുകളിൽ ഇഡി രഹസ്യ അന്വേഷണം ആരംഭിച്ചു. പരാതിക്കാരുടെ മൊഴികൾ ഇ ഡി രേഖപ്പെടുത്തി. കൊച്ചിയിലേക്ക് വിളിപ്പിച്ചായിരുന്നു മൊഴിയെടുപ്പ്. 10 ലധികം പരാതികളാണ് ഇ മെയിൽ മുഖാന്തരം എത്തിയത്. സ്പോൺസർഷിപ്പുകൾക്ക് വ്യാജ വൗച്ചർ തയ്യാറാക്കി ഉദ്യോഗസ്ഥർ പണം കൈക്കലാക്കിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. നിലവിൽ ആരോപണ വിധേയരായവർക്ക് എതിരെയും പരാതി ലഭിച്ചിട്ടുണ്ട്.പത്ത് പരാതികളിൽ പ്രാഥമിക പരിശോധന നടത്താൻ ഇഡി തീരുമാനം എടുക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ കഴിഞ്ഞ ഓഗസ്റ്റ് വരെ ഒമ്പതിലധികം പരാതിക്കാരെ വിളിച്ചുവരുത്തി മൊഴിയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും ഇഡി ശേഖരിച്ചിട്ടുണ്ട്.ധനലക്ഷ്മി ബാങ്കിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ കൂടി ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ചെക്ക് ലീഫുകളും ബിനാമി ഇടപാടുകൾ വഴി കൈമാറിയതിന്റെ രേഖകളുമാണ് ഇഡി കണ്ടെടുത്തിരിക്കുന്നത്. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യമാണെന്നാണ് ഇഡി പറയുന്നത്. ദേവസ്വം അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയും സമ്മതത്തോടെയുമാണ് ഇടപാടുകൾ നടന്നിരിക്കുന്നതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.



