നിലപാടുകളുടേയോ അഭിപ്രായങ്ങളുടേയോ പേരിലല്ല, പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞത് കൊണ്ട്; സജി ചെറിയാൻ

ചലച്ചിത്ര അക്കാദമിയില്‍ പുതിയ ഭാരവാഹികളെ നിയമിച്ച വിവരം അറിയിച്ചില്ലെന്ന മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രേംകുമാറിന്റെ പ്രതികരണത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. നിലപാടുകളുടേയോ അഭിപ്രായങ്ങളുടേയോ പേരിലല്ല പ്രേംകുമാറിനെ മാറ്റിയതെന്നും കാലാവധി കഴിഞ്ഞത് കൊണ്ടാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. പ്രേംകുമാറിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ആഗ്രഹിക്കുകയാണെന്നും സജി ചെറിയാൻ ഫേസ്ബുക്കിൽ പങ്കുവെച്ച പ്രസ്താവനയിലൂടെ പറഞ്ഞു.സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഈ സർക്കാർ അംഗീകരിച്ചു നൽകുന്നുണ്ട്. അത് ഗവൺമെന്റിന്റെയോ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയോ നിലപാടുകളുമായി എപ്പോഴും യോജിച്ചുപോകണം എന്ന് ഞങ്ങൾക്ക് യാതൊരു നിർബന്ധവുമില്ല. ജനാധിപത്യപരമായ ഈ സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ടാണ് പ്രമുഖരായ സാംസ്‌കാരിക നായകരെ വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹികളായി നിയമിക്കുന്നത്. അതിനാൽ തന്നെ, സച്ചിദാനന്ദൻ മാഷിന്റെ ആണെങ്കിലും പ്രേംകുമാറിന്റെ ആണെങ്കിലും അഭിപ്രായങ്ങളെ വ്യക്തിപരമായ നിലപാടുകളായി മാത്രമാണ് സർക്കാർ കാണുന്നത്. അത്തരം പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം ഈ സർക്കാരിനില്ല.ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തിൽ വന്ന മാറ്റം അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ല എന്നത് ഞാൻ വ്യക്തമാക്കുന്നു. അദ്ദേഹം വൈസ് ചെയർമാനായും ശ്രീ രഞ്ജിത് സ്ഥാനമൊഴിഞ്ഞ ശേഷം ചെയർമാന്റെ ചുമതല വഹിച്ചും നടത്തിയ പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതും തൃപ്തികരവുമാണ്. എന്നാൽ, അക്കാദമി ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്.ഇന്ത്യൻ സിനിമാ ലോകത്തിന്റെ തന്നെ അഭിമാനമായ ശ്രീ റസൂൽ പൂക്കുട്ടിയാണ് അടുത്ത ചെയർമാൻ ആയി സ്ഥാനം ഏറ്റെടുത്തത്. ഈ നിയമനം ശ്രീ പ്രേംകുമാറും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്. കാലാവധി കഴിഞ്ഞ ഒരു സമിതിക്ക് പകരം മറ്റൊന്ന് വരുന്നത് ഭരണപരമായ ഒരു പ്രക്രിയ മാത്രമാണ്. അല്ലാതെ അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റുകയോ ഒഴിവാക്കുകയോ ചെയ്തതല്ല. ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒരു തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു.ചലച്ചിത്ര അക്കാദമി ചെയർമാൻ – ഇൻ – ചാർജ് എന്ന നിലയിൽ അദ്ദേഹവുമായി ചേർന്ന് പ്രവർത്തിച്ചതിൽ എനിക്ക് വ്യക്തിപരമായി നല്ല അനുഭവങ്ങളാണുള്ളത്. അദ്ദേഹത്തിന്റെ പ്രവർത്തന മികവിനെ ഞാൻ എന്നും പ്രശംസിച്ചിട്ടുമുണ്ട്. പദവി ഒഴിയുന്നത് സംബന്ധിച്ച വിവരങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നതിൽ ആശയവിനിമയപരമായ എന്തെങ്കിലും വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുന്നതാണ്. അദ്ദേഹത്തിന് ഈ കാര്യത്തിൽ എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അത് സംസാരിച്ച് പരിഹരിക്കാൻ മുൻകൈ എടുക്കും. അദ്ദേഹത്തിന്റെ കലാപരമായ സംഭാവനകളെയും അക്കാദമിയിലെ സേവനങ്ങളെയും സാംസ്‌കാരിക വകുപ്പ് എന്നും ബഹുമാനത്തോടെ തന്നെയാണ് കാണുന്നത്,’ സജി ചെറിയാൻ പറഞ്ഞു.



