
നെടുങ്കണ്ടം പഞ്ചായത്തിലെ വനിതാ അംഗത്തിനെതിരേ അയോഗ്യതാ നടപടി
പതിമൂന്നാം വാര്‍ഡ് അംഗം വിജയലക്ഷ്മി ഇടമനയാണ് അയോഗ്യയാകുന്നത്. തുടര്‍ച്ചയായി അവധി അനുവദിച്ച ആറുമാസവും പിന്നീടുള്ള മൂന്നുമാസവും പഞ്ചായത്ത് കമ്മിറ്റികളില്‍ പങ്കെടുക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.വിദേശത്ത് പോകുന്നതിനായി കഴിഞ്ഞവര്‍ഷം ജൂണ്‍ ഒന്ന് മുതലാണ് വിജയലക്ഷ്മി അവധിയില്‍ പ്രവേശിച്ചത്. പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദത്തോടുകൂടിയായിരുന്നു അവധി. എന്നാല്‍, ആറു മാസത്തെ അവധി അവസാനിച്ചിട്ടും വിജയലക്ഷ്മി തിരികെ എത്തിയില്ല. മൂന്നു മാസമായി ഇവര്‍ പഞ്ചായത്ത് കമ്മിറ്റികളിലോ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലോ പങ്കെടുക്കാത്തതിന് കാരണം കാണിക്കുകയോ അവധിയെടുക്കുകയോ ചെയ്തിട്ടില്ല.പഞ്ചായത്തിരാജ് ചട്ടം അനുസരിച്ച് കമ്മിറ്റികളില്‍ പങ്കെടുക്കാതിരിക്കുന്നതിനുള്ള കാലാവധി ഫെബ്രുവരി 28 ന് അവസാനിച്ചു. ഇതോടെ മാര്‍ച്ച് ഒന്ന് മുതല്‍ ഇവരുടെ അംഗത്വം റദ്ദായതായും അയോഗ്യയായതായും അറിയിച്ച് പഞ്ചായത്ത് വിജയലക്ഷ്മിക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ഈ ഉത്തരവ് വായിക്കുകയും ചെയ്തു. അയോഗ്യ ആകാതിരിക്കാന്‍ എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ പഞ്ചായത്ത് ഭരണസമിതിയെ ബോധ്യപ്പെടുത്താനാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ സിപിഐ അംഗമാണ് വിജയലക്ഷ്മി. പഞ്ചായത്തംഗം തുടര്‍ച്ചയായി കമ്മിറ്റികളില്‍ പങ്കെടുക്കാതെയും വാര്‍ഡില്‍ ഇല്ലാതെയും വന്നതോടെ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുരടിച്ചതായി ആരോപിച്ച് മുമ്ബ് കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നിരുന്നു. അതേ സമയം മാര്‍ച്ച് 15 നുള്ളില്‍ വിജയലക്ഷ്മിയുടെ വിശദീകരണം കേട്ട ശേഷം പഞ്ചായത്ത് കമ്മിറ്റി അവധി നീട്ടി നല്‍കുമോ എന്നുള്ളതാണ് ഇനി അറിയേണ്ടത്. ഇതിനു ശേഷമായിരിക്കും ഇലക‌്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനി എട്ടുമാസം മാത്രമാണ് പഞ്ചായത്ത് ഭരണസമിതിക്ക് കാലയളവ് പൂര്‍ത്തിയാക്കാന്‍ ഉള്ളത്. അതിനാല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാന്‍ സാധ്യതയില്ല