നെടുമ്പാശേരിയില്‍ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി; ഇറാൻ സംഘര്‍ഷത്തില്‍ ഗള്‍ഫ് സര്‍വീസുകള്‍ താറുമാറായി

നെടുമ്പാശേരി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സർവീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി.ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികള്‍ സർവീസുകള്‍ നിർത്തിവെക്കാൻ തീരുമാനിച്ചത്. പുലർച്ചെ 2.38-ന് മസ്കറ്റിലേക്ക് പുറപ്പെട്ട ഒമാൻ എയർവേയ്‌സ് വിമാനം സുരക്ഷാ കാരണങ്ങളാല്‍ പാതിവഴിയില്‍ വെച്ച് നെടുമ്പാശേരിയിലേക്ക് തന്നെ തിരിച്ചുവിളിച്ചു.ഉച്ചയ്ക്ക് 2.35-ന് ഷാർജയിലേക്ക് പോകാനിരുന്ന വിമാനം റദ്ദാക്കി. വൈകിട്ട് 5.20-ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ആകാശ എയര്‍ സർവീസും ഒഴിവാക്കി. ഇൻഡിഗോയുടെ ഗള്‍ഫ് സർവീസുകള്‍ പൂർണ്ണമായും നിര്‍ത്തിവച്ചതായാണ് അറിയിച്ചിരിക്കുന്നത്. 6.20-ന് ദുബായിലേക്കുള്ള വിമാനം, രാത്രി 9.50-ന് റാസല്‍ഖൈമയിലേക്കുള്ള വിമാനം, രാത്രി 10.50-ന് അബുദാബിയിലേക്കുള്ള വിമാനവും ഇൻഡിഗോ റദ്ദാക്കി. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സർവീസുകള്‍ എപ്പോള്‍ പുനരാരംഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.



