നിലമ്പൂര്‍ തിരഞ്ഞെടുപ്പ്; അഡ്വ. മോഹന്‍ ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. റോഡ് ഷോയുടെ അകമ്പടിയോടെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ശോഭാ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ്, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം എത്തിയാണ് മോഹന്‍ ജോര്‍ജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്കഴിവും വിദ്യാഭ്യാസവുമുള്ളയാളാണ് ബിജെപി സ്ഥാനാര്‍ത്ഥിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വികസിത കേരളം, വികസിത നിലമ്പൂര്‍ എന്ന ആശയം മുന്നോട്ട് വെച്ചായിരിക്കും നിലമ്പൂരില്‍ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.നിലമ്പൂര്‍ കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചുവരുന്നയാളാണ് അഡ്വ. മോഹന്‍ ജോര്‍ജ്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവായിരുന്ന മോഹന്‍ ജോര്‍ജ് കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെയും യുവജന വിഭാഗത്തിന്റെയും സംസ്ഥാന നേതൃനിരയിലും മോഹന്‍ ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ത്തോമ സഭ കൗണ്‍സില്‍ അംഗം, മാര്‍ത്തോമ കോളേജ് കൗണ്‍സില്‍ അംഗം, ചുങ്കത്തറ മാര്‍ത്തോമ ചര്‍ച്ച് ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയാണ്.നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് താല്‍പര്യമില്ലെന്ന് തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ബിജെ പി കോര്‍കമ്മിറ്റി തീരുമാനം. പകരം ബിഡിജെഎസിനോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് നേതൃത്വം അറിയിച്ചതോടെ ബിജെപി മത്സരരംഗത്ത് ഇറങ്ങണമെന്ന പ്രാദേശിക സമ്മര്‍ദം ശക്തമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതൃത്വം മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.