dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പരസ്പര സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങള്‍ പോക്സോ നിയമ കുരുക്കിൽ പെടുന്നു; ‘റോമിയോ-ജൂലിയറ്റ്’ ചട്ടം വരുന്നു

ന്യൂഡൽഹി: പതിനെട്ട് വയസ്സിന് താഴെയുള്ള നിശ്ചിത പ്രായപരിധിയിൽ ഉള്ളവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളെ പോക്സോ നിയമത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ വിദേശ രാജ്യങ്ങളിലുള്ളത് പോലെ ‘റോമിയോ-ജൂലിയറ്റ്’ വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി . പരസ്പര സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങളെ വളച്ചൊടിച്ച് പോക്സോ കേസ് ചുമത്തുന്ന പതിവ് രീതി ചർച്ചയായതോടെയാണ് ‘റോമിയോ-ജൂലിയറ്റ്’ ചട്ടം കോടതി പരി​ഗണനയിൽ എടുത്തത്. കുട്ടികളെ സംരക്ഷിക്കാൻ വേണ്ടിയുള്ള നിയമങ്ങൾ ദുരുപയോ​ഗം ചെയ്യുന്നത് തടയാനാണ് കോടതിയുടെ പുതിയ നീക്കം. പതിനെട്ട് വയസ്സിനെ ചുവടെ നിശ്ചിത പ്രായവ്യത്യാസമുള്ള പ്രണയിതാക്കൾ തമ്മിലുള്ള ലൈംഗിക ബന്ധം ഉഭയ സമ്മതപ്രകാരമാണെങ്കിൽ ശിക്ഷയിൽ ഇളവ് ലഭിക്കുന്നതാണ് ‘റോമിയോ-ജൂലിയറ്റ്’ ചട്ടം. ഉഭയകക്ഷി പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് കണക്കാക്കുന്ന പ്രായത്തെക്കാൾ രണ്ടോ മുതൽ നാല് വയസ്സുവരെ കുറവുള്ളവർ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ ക്രിമിനൽ കുറ്റമായി കണക്കാക്കാത്ത വ്യവസ്ഥ പല വിദേശരാജ്യങ്ങളിലും നിലവിലുണ്ട്.കുട്ടികളെ സംരക്ഷിക്കാൻ നിർമ്മിച്ച പോക്സോ നിയമം പലപ്പോഴും വ്യക്തിപരമായ പകപോക്കലിനും കുടുംബങ്ങൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കാനുമുള്ള ആയുധമായി മാറുന്നുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് കണ്ടെത്തി. വ്യാജ പരാതികൾ നൽകി കൗമാരക്കാരുടെ ജീവിതം തകർക്കുന്നവർക്കെതിരെ നിയമനടപടി വേണമെന്നും കോടതി നിർദേശിച്ചു. രാജ്യത്തുടനീളമുള്ള കോടതികളിൽ പെൺകുട്ടിയുടെ പ്രായം 18 വയസിന് താഴെയാണെന്ന് തെറ്റായി കാണിച്ച് ആൺകുട്ടിയെ പോക്സോയുടെ കർശനമായ വ്യവസ്ഥകൾക്ക് കീഴിൽ കൊണ്ടുവരുന്ന കേസുകൾ ആവർത്തിച്ച് കണ്ടിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.അതൊടൊപ്പം തന്നെ പോക്സോ കേസുകളിൽ ജാമ്യം പരിഗണിക്കുമ്പോൾ ഇരയുടെ പ്രായം നിർണയിക്കാൻ വൈദ്യപരിശോധന (Ossification Test) നടത്തണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റോ ജനന സർട്ടിഫിക്കറ്റോ ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ വൈദ്യപരിശോധന നടത്താവൂ എന്ന് ജുവനൈൽ ജസ്റ്റിസ് ആക്ട് (Section 94) വ്യക്തമാക്കുന്നുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാർ തമ്മിലുള്ള പ്രണയബന്ധങ്ങളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് വേർതിരിച്ചു കാണണമെന്നും ഇത്തരം കേസുകളിൽ നിയമം ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button