പരസ്യത്തിൽ പറഞ്ഞ വാഗ്ദാനം സ്ഥാപനത്തിൽ ചെന്നപ്പോൾ ഇല്ലെന്ന പരാതി; മോഹൻലാലിനെതിരായ കേസ് റദ്ദാക്കി

കൊച്ചി: പരസ്യത്തിൽ പറഞ്ഞ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് മണപ്പുറം ഫിനാൻസിൻ്റെ ബ്രാൻഡ് അംബാസഡറായിരുന്ന മോഹൻലാലിനെതിരെ ഉപഭോക്താവ് നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാൻസിൻ്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ മോഹൻലാൽ പരസ്യത്തിൽ പറഞ്ഞ വാഗ്ദാനം പാലിച്ചില്ല എന്നായിരുന്നു പരാതി. തിരുവനന്തപുരം സ്വദേശിയുടേതായിരുന്നു പരാതി.മോഹൻലാൽ സമർപ്പിച്ച ഹർജിയിലാണ് കേസ് റദ്ദാക്കിയുളള ഉത്തരവ് വന്നിരിക്കുന്നത്. മോഹൻലാൽ അഭിനയിച്ച പരസ്യത്തിൽ 12 ശതമാനം പലിശയ്ക്ക് സ്വർണവായ്പ നൽകും എന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച് തിരുവനന്തപുരം സ്വദേശി സ്ഥാപനത്തിൽ സ്വർണം പണയം വെച്ചു. എന്നാൽ വായ്പയെല്ലാം തിരിച്ചടച്ച ശേഷം സ്വർണപണയം എടുത്തുമാറ്റാൻ ചെന്നപ്പോൾ പറഞ്ഞതിലും അധികം പലിശ നിരക്ക് ഈടാക്കി എന്നാണ് പരാതിക്കാരൻ പറയുന്നത്. മോഹൻലാലിൻ്റെ വാഗ്ദാനം വിശ്വസിച്ചാണ് വായ്പ എടുത്തതെന്നും അതിനാൽ തനിക്കുണ്ടായ ദുരനുഭവത്തിൽ മോഹൻലാലിനും ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു തിരുവനന്തപുരം സ്വദേശിയുടെ പരാതി.പരാതിക്കാരനും മോഹൻലാലും തമ്മിൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് ഒരു ഇടപാടും നടന്നിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് മോഹൻലാലിനെതിരായ കേസ് റദ്ദാക്കിയത്. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് കേസ് റദ്ദാക്കിയത്. എന്നാൽ, വാഗ്ദാനം ചെയ്ത സേവനം ലഭ്യമായില്ലെങ്കിൽ അതിൽ ഹർജിക്കാരന് സാധ്യമായ രീതികളിൽ എല്ലാം പരാതിപ്പെടാമെന്നും കോടതി വ്യക്തമാക്കി.



