dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകുന്നുവെന്ന് ദര്‍ഷിത പറഞ്ഞു, കടം വാങ്ങിയ പണം തിരികെ ചോദിച്ചു;പിന്നാലെ അരുംകൊല

കണ്ണൂര്‍: സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് കല്യാട് നിന്ന് ദര്‍ഷിത പോയത് മരണത്തിലേക്ക് എന്ന വെളിപ്പെടുത്തലിന്റെ ഞെട്ടലില്‍ നിന്ന് കേരളം വിട്ടുമാറിയിട്ടില്ല. കണ്ണൂര്‍ ഇരിക്കൂര്‍ കല്യാട്ടെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ വീട്ടിലെ മരുമകളെ കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക സ്വദേശി ദര്‍ഷിത (22) ആണ് കൊല്ലപ്പെട്ടത്. കല്യാട് ചുങ്കസ്ഥാനത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞ് വരികയായിരുന്നു ദര്‍ഷിത. ദര്‍ഷിതയോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു.സിദ്ധരാജുവും ദര്‍ഷിതയും തമ്മില്‍ ആറ് വര്‍ഷത്തെ ബന്ധമുള്ളതായാണ് പുറത്ത് വരുന്ന വിവരം. ഇരുവരും സാലിഗ്രാമിലെ ലോഡ്ജില്‍ എത്തുകയും അവിടെ വച്ച് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഡിറ്റനേറ്റര്‍ വായില്‍ വച്ച് പൊട്ടിച്ച് ദര്‍ഷിതയെ കൊലപ്പെടുത്തുകയായിരുന്നു. ഫോണ്‍ പൊട്ടിത്തെറിച്ചാണ് ദര്‍ഷിത കൊല്ലപ്പെട്ടത് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു സിദ്ധരാജുവിന്റെ ശ്രമം. സിദ്ധരാജു ദര്‍ഷിതയുടെ കയ്യില്‍ നിന്നും കടം വാങ്ങിയ പണം ദര്‍ഷിത തിരിച്ച് ചോദിച്ചതും ദര്‍ഷിത ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോകുന്നു എന്ന് അറിയിച്ചതുമാണ് പ്രകോപനത്തിനിടയാക്കിയത് എന്നാണ് കരുതുന്നത്. ദര്‍ഷിതയുടെയും ഭര്‍ത്താവ് സുഭാഷിന്റെയും കുഞ്ഞിനെ സ്വന്തം വീട്ടിലാക്കിയായിരുന്നു ദര്‍ഷിത സിദ്ധരാജുവിനെ കാണാനെത്തിയത്.വെള്ളിയാഴ്ച്ച രാവിലെയാണ് സുഭാഷിന്റെ വീട്ടില്‍ നിന്ന് ദര്‍ഷിത കുഞ്ഞുമായി കര്‍ണാടകയിലെ ഹുന്‍സൂര്‍ ബിലിക്കരയിലേക്ക് പോയത്. അന്ന് വൈകീട്ടോടെയാണ് സ്വര്‍ണം മോഷണം പോയ വിവരം വീട്ടുകാര്‍ അറിയുന്നത്. ദര്‍ഷിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. കല്യാട്ടെ വീട്ടില്‍ ദര്‍ഷിതയ്‌ക്കൊപ്പം ഭര്‍തൃമാതാവ് സുമതിയും ഭര്‍തൃസഹോദരന്‍ സൂരജുമാണുള്ളത്. ഇരുവരും രാവിലെ ജോലിക്ക് പോയിരുന്നു. തിരികെയെത്തുമ്പോളാണ് വീട്ടില്‍ മോഷണം നടന്ന വിവരം ഇവര്‍ അറിയുന്നത്. ദര്‍ഷിത അവരുടെ വീട്ടിലേക്ക് പോകുമെന്ന് പറഞ്ഞിരുന്നതായി സൂരജ് വ്യക്തമാക്കി. മറ്റാരും വീട്ടില്‍ അതിക്രമിച്ച് കയറിയതിന്റെ ലക്ഷണങ്ങളും കണ്ടെത്താനായില്ല. ഇതിന് പിന്നാലെ ദര്‍ഷിതയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും കഴിഞ്ഞ ദിവസം അവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.കേരളത്തില്‍ നിന്നുള്ള പൊലീസ് സംഘം കര്‍ണാടകയിലെത്തിയെങ്കിലും കേരള പൊലീസിന് സിദ്ധരാജുവിനെ ചോദ്യം ചെയ്യാനായില്ല. സ്വര്‍ണം മോഷ്ടിച്ചത് ദര്‍ഷിത തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല. പണവും സ്വര്‍ണവും കണ്ടെത്താനും കഴിഞ്ഞിട്ടില്ല. സിദ്ധരാജുവിനെ ചോദ്യം ചെയ്യലിന് വിധേയമാക്കിയാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button