പിടിച്ചത് പിണറായിസത്തിനെതിരായ വോട്ട്; ചോർന്നത് എൽഡിഎഫിൽ നിന്ന്: പി വി അൻവർ

മലപ്പുറം: നിലമ്പൂരിൽ താൻ പിടിച്ചത് പിണറായിസത്തിനെതിരായ വോട്ടാണെന്ന് പി വി അൻവർ. അൻവർ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നുവെന്നാണ് വാർത്തകൾ വരുന്നതെന്നും എന്നാലത് തീർത്തും അടിസ്ഥാന രഹിതമാണെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. പിണറായിസത്തിനെതിരായ വോട്ടാണ് പിടിച്ചുകൊണ്ടിരിക്കുന്നത്. അതിൽ ഭൂരിപക്ഷവും പിടിച്ചുകൊണ്ടിരിക്കുന്നത് എൽഡിഎഫ് ക്യാമ്പിൽ നിന്നാണ്. തനിക്ക് വോട്ട് ലഭിക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണിത്. താൻ ഉയർത്തിയ വിഷയങ്ങൾക്ക് പിന്തുണ ലഭിച്ചുവെന്നും അൻവർ കൂട്ടിച്ചേർത്തു.മലയോര ജനതയുടെ പ്രശ്നങ്ങളൊന്നും പരിഗണിക്കാതെ 2026-ൽ അത്ര എളുപ്പത്തിൽ വിജയിച്ച് സർക്കാർ രൂപീകരിക്കാമെന്ന് കരുതിയാൽ നടക്കില്ല. വിഷയത്തിൽ കൃത്യമായ പരിഹാരം ഉണ്ടാവുന്നരീതിയിൽ ഇടപെടലുണ്ടായാൽ യുഡിഎഫിനൊപ്പം മുന്നോട്ടുപോകാൻ ശ്രമിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.