പി വി അന്‍വറിനെ യുഡിഎഫിലെടുക്കണം; രാഷ്ട്രീയകാര്യ സമിതിയില്‍ ആവശ്യം ശക്തമാക്കി കെ സുധാകരന്‍

തിരുവനന്തപുരം: പി വി അന്‍വറിനെ യുഡിഎഫിലെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് സുധാകരന്‍ ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്. ഓണ്‍ലൈനായാണ് സുധാകരന്‍ യോഗത്തില്‍ പങ്കെടുത്തത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ ശക്തി തെളിയിച്ച സാഹചര്യത്തില്‍ അന്‍വറിനെ മുന്നണിയിലെടുക്കണമെന്ന നിലപാടാണ് സുധാകരന്‍ സ്വീകരിച്ചത്.
അന്‍വറിനെ കൂടാതെ യുഡിഎഫ് നിലമ്പൂരില്‍ വിജയിച്ചതോടെ അദ്ദേഹത്തെ മുന്നണിയിലെടുക്കേണ്ടെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ശക്തമാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ അന്‍വര്‍ തെരഞ്ഞെടുപ്പില്‍ ഫാക്ടറായെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞത്. എന്നാല്‍ വി ഡി സതീശന്‍ നിലപാട് ശക്തമാക്കിയതോടെ സണ്ണി ജോസഫ് ഈ നിലപാടില്‍ മാറ്റം വരുത്തിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന നിലപാടാണ് പരോക്ഷമായി മുസ്‌ലിം ലീഗ് എടുക്കുന്നത്. അതിന് പിന്നാലെയാണ് സുധാകരനും ആവശ്യം ശക്തമാക്കിയത്.
അതേ സമയം കെപിസിസി പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ രാഷ്ട്രീയകാര്യസമിതിയില്‍ തീരുമാനമായി. ഇതിനായി മുതിര്‍ന്ന നേതാക്കളെ രാഷ്ട്രീയകാര്യസമിതി ചുമതലപ്പെടുത്തി. ഡിസിസികള്‍ പുനഃസംഘടിപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.