പോരാട്ടം ആരംഭിക്കുന്നു, ദൗത്യം പൂർത്തിയാകുന്നത് വരെ തുടരണം: രജനികാന്ത്

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി നടൻ രജനികാന്ത്. സൈന്യത്തിന്റെ പോരാട്ടത്തെ അഭിനന്ദിച്ച നടൻ ദൗത്യം പൂർത്തിയാകുന്നത് വരെ നമ്മൾ അവസാനിപ്പിക്കില്ലെന്നും പറഞ്ഞു. രാജ്യം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ടെന്നും രജനികാന്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.യോദ്ധാക്കള്‍ പോരാട്ടം ആരംഭിച്ചിരിക്കുന്നു. ദൗത്യം പൂർത്തിയാകുന്നത് വരെ നമുക്കത് അവസാനിപ്പിക്കാനാവില്ല. രാജ്യം മുഴുവൻ നിങ്ങളോടൊപ്പമുണ്ട്. ജയ്‌ഹിന്ദ്’, എന്നാണ് രജനികാന്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ ത്വയിബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.