മകന്റെ കല്യാണ മണ്ഡപത്തില്‍ അച്ഛന്റെ പുസ്തകപ്രകാശനം

മകന്റെ കല്യാണ മണ്ഡപത്തില്‍ അച്ഛന്റെ പുസ്തകപ്രകാശനം
മുണ്ടക്കയം: മകന്റെ വിവാഹ വേദിയില്‍ അച്ഛന് രചിച്ച പുസ്തകത്തിന്റെ പ്രകാശനം. പീരുമേട് കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുണ്ടക്കയം സ്വദേശിയുമായ അഡ്വ വി.എസ് തങ്കപ്പനാണ് തന്റെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ പുസ്തകരൂപത്തിലാക്കിയ ‘മുക്രിഃ’ എന്ന ബ്രഹത് നോവല്‍ വധൂവരന്മാര്ക്ക് കൈമാറി പ്രകാശനം ചെയ്തത്. വണ്ടപ്പതാല്‍ വടക്കേപുരയിടത്തില്‍ വി.എസ്. തങ്കപ്പന്റേയും ഗീത തങ്കപ്പന്റേയും മകന് കിരണ്‍ ശങ്കറിന്റെ വിവാഹമാണ് വ്യത്യസ്തമായ പുസ്തക പ്രകാശനത്തിന് വേദിയായത്. ഇടുക്കി ചെറുതോണി ചിറപ്പുറത്ത് എം.വി ബേബിയുടേയും ലിസ്സിയുടേയും മകള്‍ ഷെറിന് ബേബിയായിരുന്നു വധു. വണ്ടപ്പതാല്‍ സെന്റ് പോള്‍സ് ചര്‍ച്ച് പാരീസ് ഹാളില്‍ നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളേയും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരേയും അത്ഭുതപ്പെടുത്തിയായിരുന്നു തങ്കപ്പന്റെ പുസ്തക പ്രകാശന പ്രഖ്യാപനം. നിറഞ്ഞ കൈയടിയോടെയാണ് വിവാഹത്തിനെത്തിയവര്‍ പ്രഖ്യാപനത്തെ വരവേറ്റത്. ഒരു നാടിന്റെയും നാട്ടുകാരുടേയും കഥ പറയുന്ന നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കൈപ്പട ബുക്സാണ്. പ്രമുഖ സാഹിത്യകാരന് വി.ആര് സുധീഷാണ് പുസ്തകത്തിന്റെ അവതാരിക തയ്യാറാക്കിയിരിക്കുന്നത്. നോവലിന്റെ രണ്ടാം ഭാഗംകൂടി ഉടന്‍ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് എഴുത്തുകാരന്. സാഹിത്യ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ഔദ്യോഗികമായ പ്രകാശനചടങ്ങ് ഉടന്‍ നടത്തുമെന്ന് അഡ്വ വി.എസ് തങ്കപ്പന് പറഞ്ഞു. പ്രമുഖ പുസ്തകശാലകളിലും കൈപ്പട ഓണ്‍ലൈന്‍ സ്റ്റോറിലും പുസ്തകം ലഭ്യമാണ്.ഫോട്ടോ: അഡ്വ. വി.എസ് തങ്കപ്പന് തന്റെ നോവല്‍ വധൂവരന്മാര്ക്ക് കൈമാറി പ്രകാശനം ചെയ്യുന്നു



