News
മകളുമായി ബസ് കാത്തുനില്‍ക്കവെ സിമൻ്റ് ഇഷ്ടിക തലയില്‍ വീണു; അമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: മകളുമായി ബസ് കാത്ത് നില്‍ക്കവേ ഇഷ്ടിക തലയില്‍ വീണ് അമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളം വടക്കേക്കര സ്വദേശിനിയും ശ്യാമോന്‌റെ ഭാര്യയുമായ ആര്യ (34) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മുനമ്പം മാണി ബസാറിലെ ബസ് സ്റ്റോപ്പില്‍ ആറു വയസ്സുകാരിക്കൊപ്പം ബസ് കാത്തുനില്‍ക്കവേയാണ് ഇഷ്ടിക തലയില്‍ വീണത്.നിര്‍മ്മാണത്തിലിരുന്ന മൂന്നുനില കെട്ടിടത്തിന്‌റെ മുകളില്‍ നിന്നും സിമന്‌റ് ഇഷ്ടിക ആര്യയുടെ തലയില്‍ വീഴുകയായിരുന്നു. പ്ലാസ്റ്റിക് ഷീറ്റ് പറന്നുപോകാതിരിക്കാന്‍ ഉപയോഗിച്ചിരുന്ന സിമന്‌റ് ഇഷ്ടികയാണ് ആര്യയുടെ തലയില്‍ വീണതെന്നാണ് വിവരം. ഗുരുതരാവസ്ഥയിലായ ആര്യയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. ആര്യയുടെ മകള്‍ക്ക് അപകടത്തില്‍ നിസാര പരിക്കേറ്റിരുന്നു.