മകൻ ഇറങ്ങാത്ത വിവരം അമ്മ അറിഞ്ഞില്ല; കുട്ടിയുമായി ഓട്ടോ ഓടി, പരിഭ്രാന്തി

ഓട്ടോയില്‍നിന്നും കുട്ടി ഇറങ്ങാത്ത കാര്യം അമ്മയോ ഓട്ടോ ഡ്രൈവറോ അറിഞ്ഞില്ലകാഞ്ഞങ്ങാട്: അമ്മയ്‌ക്കൊപ്പം ഓട്ടോയിൽ കയറിയ കുട്ടി സ്ഥലമെത്തിയപ്പോൾ ഇറങ്ങാത്തത് മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്കാണ് വഴിവെച്ചത്. കാഞ്ഞങ്ങാട് ടൗണിലാണ് സംഭവം. കടയിൽനിന്നും സാധനങ്ങൾ വാങ്ങി അമ്മയും എട്ടു വയസുള്ള മകനും ഓട്ടോയിൽ കയറി. നോർത്ത് കോട്ടച്ചേരി ഭാഗത്തുള്ള വീടിനടുത്ത് അമ്മ ഇറങ്ങിയെങ്കിലും കുട്ടി ഇറങ്ങിയില്ല. കുട്ടി ഇറങ്ങാത്ത കാര്യം അമ്മയോ ഓട്ടോ ഡ്രൈവറോ അറിഞ്ഞതുമില്ല.ഓട്ടോറിക്ഷ തിരിച്ച് കാഞ്ഞങ്ങാട് ടൗൺ എത്തിയപ്പോഴാണ് പുറകിലിരിക്കുന്ന കുട്ടിയെ ഡ്രൈവർ കണ്ടത്. എന്നാൽ ഈ സമയം കൊണ്ട് പരിഭ്രാന്തയായ അമ്മ മകനെ അന്വേഷിച്ച് ഇറങ്ങിയിരുന്നു. അമ്മയെ ഇറക്കിയ അതേ സ്ഥലത്ത് ഓട്ടോ ഡ്രൈവർ തിരിച്ചെത്തിയെങ്കിലും അമ്മയെ കണ്ടില്ല. അവർ ഇതിനോടകം മകനെ തേടി മറ്റൊരു ഓട്ടോയിൽ ബസ് സ്റ്റാന്റിൽ എത്തിയിരുന്നു. നടന്ന കാര്യം അമ്മ ട്രാഫിക് എസ് ഐയോട് പറഞ്ഞു. ഓട്ടോ ഡ്രൈവറുടെ അടയാളങ്ങൾ പറഞ്ഞതോടെ മറ്റ് ഡ്രൈവർമാർ ആളെ തിരിച്ചറിഞ്ഞ് ഇയാളെ ഫോണിൽ ബന്ധപ്പെട്ടു. താൻ കുട്ടിയുടെ അമ്മയെ ഇറക്കിവിട്ട അവിടെതന്നെ നിൽപുണ്ടെന്ന് ഡ്രൈവർ അറിയിച്ചതോടെയാണ് മണിക്കൂറുകൾ നീണ്ട ഭയപ്പാട് നീങ്ങിയത്.



