മത്സരം മുറുകും; കുറഞ്ഞവിലയിൽ കുഞ്ഞൻ ഇവി എത്തിക്കാൻ ഹ്യുണ്ടായി

ഇന്ത്യൻ വാഹന വിപണി എപ്പോഴും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. മാറ്റങ്ങൾക്കൊപ്പം വിപണിയിൽ പുത്തൻ പരീക്ഷണങ്ങളും നടക്കാറുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഇലക്ട്രി വാഹനങ്ങൾക്ക് വർധിച്ചുവരുന്ന ഡിമാൻഡ് ആണ് ഒരു മാറ്റം. അതിനാൽ വൻകിട വാഹന നിർമാതാക്കളെല്ലാം ഇവിയിലേക്കും തിരിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഹ്യുണ്ടായി ഒരു കുഞ്ഞൻ ഇവി എത്തിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾകുറഞ്ഞ വിലയിൽ അവതരിപ്പിക്കുന്ന ഈ കാർ ടാറ്റ പഞ്ചുമായിട്ടാണ് വിപണിയിൽ ഏറ്റുമുട്ടുക. യൂറോപ്യൻ വിപണിയിലുള്ള ഹ്യുണ്ടായി ഇൻസ്റ്റർ ഇവി അടിസ്ഥാനമാക്കിയാകും ഇന്ത്യയിലെത്താൻ പോകുന്ന പുതിയ ഇവി എന്നാണ് റിപ്പോർട്ട്. ഈ ഇവിയിൽ ഒന്നിലേറെ ബാറ്ററി ഓപ്ഷനുകളുണ്ടാകുമെന്നാണ് സൂചന. 42 kWh ബാറ്ററി ഫുൾ ചാർജിൽ 300 കിലോമീറ്റർ റേഞ്ച് നൽകുമെന്നും രണ്ടാമത്തെ 49 kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാർജ് ചെയ്താൽ 355 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് റിപ്പോർട്ട്.ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS), 360 ഡിഗ്രി ക്യാമറ, സൺറൂഫ്, വെന്റിലേഷൻ സൗകര്യങ്ങളുള്ള സീറ്റുകൾ, വലിയ ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. വാഹനം പൂർണമായി ഇന്ത്യയിൽ നിർമിച്ച് വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. ഹ്യുണ്ടായിയുടെ ഏറ്റവും വില കുറഞ്ഞ കാറായിരിക്കും ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്. 2027ഓടെ വിപണിയിൽ വാഹനം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.



