കന്യാസ്ത്രീകളുടെ അറസ്റ്റ്; ക്രൈസ്തവ സഭകള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കാന്‍ ബിജെപി, ഷോണിന് ചുമതല

തിരുവനന്തപുരം: ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ക്രൈസ്തവ സഭകള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കാന്‍ ബിജെപി. സഭാ നേതൃത്വവുമായി സംസാരിക്കാന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജിനെ പാര്‍ട്ടി ചുമതലപ്പെടുത്തി. കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ നടന്ന പ്രതിഷേധത്തില്‍ എസ്ഡിപിഐ നുഴഞ്ഞുകയറിയെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.ക്രൈസ്തവ സഭകളുമായി നിലനിന്നിരുന്ന സൗഹൃദാന്തരീക്ഷം ഛത്തീസ്ഗഡിലെ അറസ്സില്‍ തകര്‍ന്നുവെന്ന ആക്ഷേപത്തിനിടെയാണ് ബിജെപിയുടെ സമവായ നീക്കം. വിവിധ സഭാ മേലധ്യക്ഷന്മാരെ നേരിട്ടും അല്ലാതെയും ബന്ധപ്പെടാനും അവരുടെ ആശങ്കകള്‍ കേള്‍ക്കാനുമാണ് തീരുമാനം. ഷോണ്‍ ജോര്‍ജ് ഇതിനകം നടപടികള്‍ തുടങ്ങി കഴിഞ്ഞു.ഹിന്ദുസന്യാസിമാരുടെയും സംഘപരിവാര്‍ സംഘടനകളുടെയും എതിര്‍പ്പ് മറികടന്നാണ് കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉള്‍പ്പെടെ ഇടപെടല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉറപ്പാക്കിയത്. ബിജെപിയില്‍ തന്നെ മുതിര്‍ന്ന നേതാക്കള്‍ രാജീവിന്റെ നീക്കങ്ങളെ പിന്തുണച്ചിരുന്നില്ല. എന്നിട്ടും ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ഔദ്യോഗിക നേതൃത്വം മുന്നോട്ടു പോവുകയാണ്.കഴിഞ്ഞദിവസം ക്രൈസ്തവ നേതാക്കള്‍ കേക്കുമായി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലെത്തിയിരുന്നു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി പറയാനാണ് ക്രൈസ്തവ പ്രതിനിധികള്‍ എത്തിയത്. ബിലീവേഴ്സ് ചര്‍ച്ച് അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് സില്‍വാനിയോസിന്റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.