മലയാളി താരം വിഘ്നേഷ് പുത്തൂരിന് ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ നഷ്ടമാവും.

സീസണിൽ ഇതുവരെ കളിച്ച 5 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകളാണ് വിഘ്നേഷ് പുത്തുർ നേടിയത്
ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ മൂന്ന് വിക്കറ്റുകൾ നേടി അരങ്ങേറ്റം ഗംഭീരമാക്കിയ മലയാളി താരം വിഘ്നേഷ് പുത്തൂരിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും.കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും വിഘ്നേഷ് പുറത്തായത്. വിഘ്‌നേഷിനെ ക്യാംപ് വിടാന്‍ അനുവദിച്ചതായി മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കി. സീസണിൽ ഇതുവരെ കളിച്ച 5 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകളാണ് വിഘ്നേഷ് പുത്തുർ നേടയത്.
ആദ്യ മത്സരത്തിലെ തർപ്പൻ പ്രകടനത്തിനു ശേഷം എംഎസ് ധോനിയും സൂര്യകുമാർ യാദവുമടക്കമുള്ള താരങ്ങൾ വിഘ്നേഷിനെ പ്രശംസിച്ചിരുന്നു. പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ വിഘ്നേഷ് കളിച്ചിരുന്നില്ല. ആറ് ആഴ്ചത്തെയങ്കിലും വിശ്രമം വിഘ്നേഷിന് വേണ്ടിവരും.ഇതേത്തുടർന്നാണ് ടീമില്‍ നിന്ന് മാറ്റിയത്.
മുംബൈയുടെ സപ്പോർട്ട് ബൗളർമാരുടെ ഭാഗമായിരുന്ന പഞ്ചാബ് ലെഗ്സ്പിന്നർ രഘു ശർമ്മയെയാണ് വിഘ്നേഷിന് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയത്.പഞ്ചാബിനും പോണ്ടിച്ചേരിക്കുമായി 11 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും, ഒമ്പത് ലിസ്റ്റ് എ മത്സരങ്ങളിലും, മൂന്ന് ടി20 മത്സരങ്ങളിലും മാത്രമാണ് രഘു കളിച്ചിട്ടുള്ളത്. ഇതുവരെയുള്ള ഫസ്റ്റ് ക്ലാസ് കരിയറിൽ അഞ്ച് തവണ അഞ്ച് വിക്കറ്റും മൂന്ന് തവണ പത്ത് വിക്കറ്റും രഘു നേടിയിട്ടുണ്ട്. 2024-25 വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനായി മികച്ച പ്രകടനം കാഴ്ചവച്ച രഘു എട്ട് കളികളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തി.അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ രഘുവിനെ സ്വന്തമാക്കിയത്.