dummy_ads1-01
dummy_ads1-01
previous arrow
next arrow
News

മികവിന്‍റെ കേന്ദ്രങ്ങളാകാൻ കുടുംബശ്രീ സിഡിഎസുകള്‍

തൊടുപുഴ: ജില്ലയില്‍ കുടുംബശ്രീ സിഡിഎസുകള്‍ മികവിന്‍റെ കേന്ദ്രങ്ങളാകാനൊരുങ്ങുന്നു. സംസ്ഥാന തലത്തില്‍ കുടുംബശ്രീയും കിലയും ചേർന്ന് സിഡിഎസുകളെ ഐഎസ്‌ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ പരിശീലനം തുടങ്ങി.ആദ്യ ഘട്ടത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത 23 സിഡിഎസുകളെയാണ് ഐഎസ്‌ഒ നിലവാരത്തിലെത്തിക്കുകയെന്ന് അധികൃതർ പറഞ്ഞു. 22 ഗ്രാമ സിഡിഎസുകളും ഒരു നഗര സിഡിഎസുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കില ഐഎസ്‌ഒ മാനേജർ ദീപ്തി ചന്ദ്രന്‍റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ മൂന്ന് ഘട്ടം പരിശീലനം പൂർത്തിയായി.കരിമണ്ണൂർ, ഇരട്ടയാർ, ശാന്തൻപാറ എന്നിവിടങ്ങളിലാണ് പരിശീലനം നടത്തുന്നത്. ജില്ലയിലെ സിഡിഎസുകളെ മൂന്ന് ബാച്ചുകളായി തിരിച്ചാണ് പരിശീലനം. ഓരോ പരിശീലനത്തിന് ശേഷവും ഗുണനിലവാരം ഉയർത്താൻ ആവശ്യമായ ക്രമീകരണങ്ങള്‍ സിഡിഎസുകളില്‍ നടപ്പാക്കുന്നുണ്ട്. ചെയർപേഴ്സണ്‍, മെംബർ സെക്രട്ടറി, വൈസ് ചെയർപേഴ്സണ്‍, അക്കൗണ്ടന്‍റ് എന്നിങ്ങനെ ഒരു സിഡിഎസില്‍നിന്ന് നാലുപേർക്ക് വീതമാണ് പരിശീലനം നല്‍കുന്നത്.ഗുണമേന്മാ നയം കൃത്യമായി നടപ്പാക്കിയാണ് ഐഎസ്‌ഒ സർട്ടിഫിക്കേഷൻ നല്‍കുന്നത്. സിഡിഎസ് ഓഫീസ് സംവിധാനത്തിന്‍റെയും വിഭവങ്ങളുടെയും കാര്യക്ഷമതയും ഫലപ്രാപ്തിയും ഗുണനിലവാരവും ഉറപ്പാക്കണം. തദ്ദേശ സ്വയംഭരണ വകുപ്പ് അംഗീകരിച്ച ബൈലോ പ്രകാരം ചെയ്യേണ്ട പ്രവർത്തനങ്ങള്‍ പൂർത്തിയാക്കണം. സേവനങ്ങള്‍ സമയബന്ധിതമായി നല്‍കണം. പശ്ചാത്തല സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും നിലവാരം നിർണയിച്ച്‌ നിലനിർത്തണം. സ്ത്രീകള്‍, ഭിന്നശേഷിയുള്ളവർ, കുട്ടികള്‍, വയോജനങ്ങള്‍, സാമൂഹ്യസാന്പത്തിക പിന്നാക്കാവസ്ഥയുള്ളവർ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും സമത്വം ഉറപ്പാക്കണം.ഇവയ്ക്കു പുറമേ ജനങ്ങളില്‍നിന്ന് അഭിപ്രായം ശേഖരിക്കാൻ സിറ്റിസണ്‍ സർവേയും പുരോഗമിക്കുകയാണ്. സിഡിഎസിനെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും മികവും പോരായ്മകളും ചോദിച്ചറിയും. പോരായ്മകള്‍ പരിഹരിക്കും. സർട്ടിഫിക്കേഷൻ ലഭിച്ചാല്‍ അതാത് കാലാകാലങ്ങളില്‍ പുതുക്കുകയും വേണമെന്നും അധികൃതർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button